തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തിങ്കളാഴ്ച മോൻത ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഇത് ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിലാണ് മഴ ശക്തമാകുന്നത്.ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലാേ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദത്തിന്റെയും ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദത്തിനും സാധ്യതയുള്ളതിനാൽ അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.


