ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
തിരുവനന്തപുരം:കേരളത്തിലെ ഇറച്ചിക്കോഴികളിൽ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ച് ഐ.സി.എം.ആർ. ആന്റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തീവ്രയജ്ഞം നടക്കുമ്പോഴാണ് നിർണായകമായ കണ്ടെത്തൽ. കേരളത്തിനു പുറമേ, തെലങ്കാനയിൽനിന്നുള്ള സാമ്പിളുകളിലും ജീൻ പ്രൊഫൈൽ സ്ഥിരീകരിച്ചിട്ടുണ്ട്. വ്യവസായികാടിസ്ഥാനത്തിൽ പ്രൗൾട്രി ഫാമുകൾ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്.
ഇതാണ് ആന്റിബയോട്ടിക്കുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യത്തിന് (ആന്റിബയോട്ടിക് പ്രതിരോധം) കാരണമെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞൻ ഡോ. ഷോബി വേളേരിയുടെ നേതൃത്വത്തിൽ അജ്മൽ അസീം, പ്രാർഥി സാഗർ, എൻ. സംയുക്തകുമാർ റെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്. ഐ.സി.എം.ആർ – നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ദക്ഷിണേന്ത്യയിലെ ബ്രോയിലർ കോഴികളിൽ ആന്റിബയോട്ടിക് പ്രതിരോധം വർധിക്കുന്നതായി നേരത്തേതന്നെ സൂചനകളുണ്ടെങ്കിലും ഇതിനെ ശാസ്ത്രീമായി സാധൂകരിക്കുന്ന പഠനങ്ങളോ ഡേറ്റകളോ ഉണ്ടായിരുന്നില്ല. വിവിധ മേഖലകളിൽനിന്ന് കോഴിവിസർജ്യം ശേഖരിക്കുകയും ഡി.എൻ.എ വേർതിരിച്ച് പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്. ഗ്രാം നെഗറ്റിവ്, ഗ്രാം പോസിറ്റിവ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നതെന്ന് ഡോ. ഷോബി വേളേരി പറഞ്ഞു. ‘ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റിവ് വിഭാഗത്തിലുള്ളവ.
തലയിൽ ഹെൽമറ്റ് വെച്ചതിന് സമാനമായി മരുന്നുകളേശാത്ത വിധത്തിലുള്ള അധിക സുരക്ഷ പാളി സ്വതവേ ഇവയ്ക്കുണ്ട്. ഇത്തരം ബാക്ടീരിയകൾ ആന്റിബയോട്ടിക് പ്രതിരോധം കൂടി ആർജിച്ചാൽ ഇവ മരുന്നുകളിൽനിന്ന് ഇരട്ടി സുരക്ഷിതമാകും. ഇതാകട്ടെ കൂടുതൽ അപകടകരമാണ്. കേരളത്തിൽനിന്നുള്ള സാമ്പിളുകളിൽ ഗ്രാം നെഗറ്റിവ് ബാക്ടീരിയകളുമുണ്ടെന്നതാണ് ആശങ്കകര’മെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്തിയത് അപകടകാരികളായ ബാക്ടീരിയകളെ
മരുന്നുകളെ അതിജീവിച്ച അപകടകാരികളായ ബാക്ടീരിയകളുടെ പട്ടിക ഐ.സി.എം.ആർ തയാറാക്കിയിട്ടുണ്ട്. ഇതിൽ ന്യുമോണിയക്ക് കാരണമാകുന്ന ക്ലബ്സില്ല ന്യുമോണിയ സ്റ്റഫലോകോക്കസ്, വയറിളക്ക രോഗങ്ങൾക്ക് കാരണമാകുന്ന ഇ-കോളി, ത്വഗ്രോഗങ്ങൾക്ക് കാരണമാകുന്ന സ്റ്റഫലോകോക്കസ് എന്നിവയടക്കം കേരളത്തിൽനിന്നുള്ള ഇറച്ചിക്കോഴികളിൽ കണ്ടെത്തി.
ശ്വാസകോശ രോഗങ്ങൾക്കു പുറമേ, മൂത്രാശയ അണുബാധ, ഉദരസംബന്ധമായ അണുബാധ എന്നിവക്ക് കാരണമാകുന്ന ബാക്ടീരിയകളും ഇക്കൂട്ടത്തിലുണ്ട്. പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും. നിലവിൽ ന്യൂമോണിയക്ക് മരുന്നുണ്ട്. പക്ഷേ, അതിജീവന ശേഷി നേടിയ ഈ ബാക്ടീരിയകൾ മൂലമുള്ള രോഗബാധകളിൽ മരുന്നുകൾ ഫലിക്കില്ലെന്നതിനാൽ ചികിത്സ പ്രതിസന്ധിയിലാകുമെന്നതാണ് പൊതുജനാരോഗ്യ ആരോഗ്യ സംവിധാനങ്ങൾ നേരിടുന്ന വെല്ലുവിളി.