Spot light

സന്ധ്യയായാൽ കൂട്ടമായി ഇറങ്ങും, മാരകരോഗ വാഹകർ, റബര്‍ പാല്‍ പോലും തിന്നുതീർക്കും; വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ

കല്‍പ്പറ്റ: കാര്‍ഷിക വിളകള്‍ക്കും മനുഷ്യര്‍ക്കും ഒരുപോലെ ഭീഷണി സൃഷ്ടിക്കുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ സാന്നിധ്യം കണ്ടെത്തി. വിളകള്‍ നാശമാകുന്നതിന് പുറമെ മനുഷ്യരിലും ജന്തുജാലങ്ങളിലും പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്ന ആഫ്രിക്കന്‍ ഒച്ചിന്‍റെ സാന്നിധ്യം തരിയോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ തുറവേലിക്കുന്ന് ക്രിസ്റ്റഫര്‍ എന്നയാളുടെ കൃഷിയിടത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.  മഴക്കാലങ്ങളിലാണ് ഇവ വ്യാപകമാകുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുട്ടയിട്ടു പെരുകുന്ന ആഫ്രിക്കന്‍ ഒച്ചിനെ ഇന്ത്യയില്‍ ആദ്യമായി 1847-ല്‍ പശ്ചിമ ബംഗാളിലാണ് കണ്ടുതുടങ്ങിയത്. കേരളത്തിൽ എത്തിയത് 1970-കളിലാണ്. പാലക്കാടാണ് ഇവയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത്. അക്കാറ്റിന ഫൂലിക്ക (Achatina fulica) എന്നാണ് ശാസ്ത്രനാമം. 2005 മുതല്‍ കേരളത്തില്‍ മിക്ക ജില്ലകളിലും വ്യാപകമായി ആഫ്രിക്കന്‍  ഒച്ചുകളെ കണ്ടുതുടങ്ങി. 6 മുതല്‍ 10 വര്‍ഷം വരെ ജീവിച്ചിരിക്കും. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒച്ചിന് 20 സെന്റിമീറ്റര്‍ വരെ നീളവും 250 ഗ്രാം തൂക്കവും ഉണ്ടായിരിക്കും.  കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം വലിയ കൃഷിനാശത്തിനിടയാക്കിയിട്ടുണ്ട്. 2016 ല്‍ നെന്മേനി പഞ്ചായത്തിലെ ചുള്ളിയോട് ആണ് വയനാട്ടില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇണ ചേരല്‍ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവ മണ്ണിനുള്ളില്‍ 500 വരെയുള്ള മുട്ടക്കൂട്ടങ്ങള്‍ നിക്ഷേപിക്കും. ഇവ രണ്ടാഴ്ച കൊണ്ട് വിരിയും. ആറു മാസം കൊണ്ട് പ്രായപൂര്‍ത്തിയായി പുതിയ തലമുറ മുട്ടയിട്ടു തുടങ്ങുകയും ചെയ്യുന്നതോടെ വ്യാപനം അതിവേഗത്തിലാകും.  സന്ധ്യ കഴിഞ്ഞായിരിക്കും കൃഷിയിടങ്ങളില്‍ ഒച്ചുകള്‍ കൂട്ടത്തോടെ ഇറങ്ങുക. പിന്നെ പുലര്‍ച്ചെ വരെ ചെടികള്‍ തിന്നു തീര്‍ക്കും. വാഴ, മഞ്ഞള്‍, കൊക്കോ, കാപ്പി, കമുക്, ഓര്‍ക്കിഡ്, ആന്തൂറിയം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നീ വിളകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നശിപ്പിക്കും. റബ്ബര്‍പാല്‍ പോലും ഇവ ഭക്ഷിച്ചതോടെ വലിയ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. ആഫ്രിക്കന്‍ ഒച്ചിന്‍റെ ശരീരത്തില്‍ തെങ്ങിന്‍റെ കൂമ്പുചീയലിന് കാരണമായ ഫൈറ്റോഫാര്‍ കുമിളിനെ കണ്ടത്തിയിട്ടുണ്ട്.  മനുഷ്യര്‍ക്കും ഉപദ്രവകാരികളായ ഒച്ചുകള്‍ കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്‌നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ്. ബോര്‍ഡോമിശ്രിതം തളിക്കുന്നതിലൂടെയും ഒച്ചുശല്യമുള്ള പറമ്പുകളുടെ അതിരിലൂടെ കുമ്മായം തൂവുന്നതും ഇവയെ നിയന്ത്രിക്കാന്‍ ചെയ്യാറുണ്ട്. ധാരാളം കാത്സ്യമടങ്ങിയ ഇവയുടെ തോട് പൊടിച്ചു മണ്ണില്‍ ചേര്‍ക്കുന്നത് മണ്ണിന്റെ പുളിരസം കുറയ്ക്കാനും കാത്സ്യം കിട്ടാനും ഉപകരിക്കുന്നു. തെങ്ങിന്‍ തടത്തില്‍ ഇവയെ കൊന്നു കുഴിച്ചുമൂടുന്നത് നല്ല വളമാണ്. കൂടാതെ ഒച്ചുകളെ ചാണകവും മറ്റു ജൈവവസ്തുകളും ഉപയോഗിച്ച് കമ്പോസ്റ്റാക്കാനും സാധിക്കും. താറാവ്, കോഴി, പന്നി, മീന്‍ എന്നിവയ്ക്ക് തീറ്റയായി ഇവയെ നല്‍കാനും കഴിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതേ സമയം ഒരിടവേളക്ക് ശേഷം വീണ്ടും കണ്ടുതുടങ്ങിയ ആഫ്രിക്കന്‍ ഒച്ചിന്റെ വ്യാപനം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ടെക്‌നിക്കല്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് അംഗങ്ങളായ ഡോ. പി കെ പ്രസാദന്‍, പൂക്കോട് സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസിലെ ഡോ. ജോര്‍ജ് ചാണ്ടി, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ല കോഡിനേറ്റര്‍ പി ആര്‍ ശ്രീരാജ് എന്നിവരാണ് ആഫ്രിക്കന്‍ ഒച്ചിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button