കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ; അവഗണന തുടർന്ന് കേന്ദ്രം, പോയിൻറ് ഓഫ് കോൾ പദവിയില്ല
കണ്ണൂർ: വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താനുള്ള പോയിൻറ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന്, കേന്ദ്രം വീണ്ടും വ്യക്തമാക്കിയതോടെ കണ്ണൂർ വിമാനത്താവളത്തിൻ്റെ വികസന സ്വപ്നങ്ങൾക്ക് നിരാശ. സംസ്ഥാന സർക്കാർ തുടർച്ചയായി ആവശ്യപ്പെട്ടിട്ടും, മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്ക് മാത്രമേ അനുമതി നൽകൂ എന്ന നിലപാടിലാണ് കേന്ദ്രം. എന്നാൽ ഗോവയിലും ആൻഡമാനിലും ഈ മാനദണ്ഡം കേന്ദ്രം മറന്നതെന്തെന്ന് കേരളം ചോദിക്കുന്നു. കരകയറാൻ കണ്ണൂർ വിമാനതാവളത്തിനുള്ള പ്രതീക്ഷ വിദേശ വിമാന കമ്പനിക്ക് സർവീസ് നടത്താനുള്ള അനുമതി കിട്ടൽ. പോയിന്റ് ഓഫ് കോൾ പദവിക്കായുള്ള കാത്തിരിപ്പ് നീണ്ടെങ്കിലും അനുമതി നൽകാൻ കേന്ദ്രം ഇപ്പോഴും തയ്യാറായില്ല. ഒടുവിൽ വിമാനത്താവളത്തിന്റെ വികസനം ആവശ്യപ്പെട്ട് ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിക്ക് കത്ത് നൽകി. ആറ് മാസത്തിനിപ്പുറം മറുപടി വന്നു. മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള വിമാനത്താവളങ്ങൾക്ക് പോയിന്റ് ഓഫ് കോൾ പദവി അനുവദിക്കാനാവില്ലെന്നായിരുന്നു മറുപടി. അതേസമയം, ഗോവയിൽ നിന്ന് 35 കിമീ മാറി സ്ഥിതി ചെയ്യുന്ന മോപ്പ വിമാനത്താവളത്തിനും, ബംഗാളിലെ ബാഗ് ദോഗ്ര വിമാനത്താവളത്തിനും, ആൻഡമാൻ നിക്കോബാർ ദ്വീപിലെ പോർട്ബ്ലെയർ വീർസവർക്കർ വിമാനത്താവളത്തിനും പോയിന്റ് ഓഫ് കോൾ പദവി അനുവദിച്ചിട്ടുണ്ട്. പോയിന്റ് ഓഫ് കോൾ പദവി ലഭിക്കാനായി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു മുഖ്യമന്ത്രി. വൈകാതെ തീരുമാനമുണ്ടാകുമെന്ന് കിയാലിന്റെ വാർഷികസമ്മേളനത്തിൽ ഉറപ്പും നൽകി. എന്നാൽ അതും നടന്നില്ല. വിമാനത്താവളം പ്രവർത്തനമാരംഭിച്ച് ആറു വർഷം കഴിയുമ്പോഴും തുടരുന്ന വിവേചനപരമായ നിലപാടിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും, ഇൻഡിഗോയും മാത്രമാണ് കണ്ണൂരിൽ സർവീസ് നടത്തുന്നത്.