വജ്രം, സ്വർണം, വെള്ളി…; മൊത്തം 31,17,100 രൂപയുടെ ആഭരണം മോഷ്ടിച്ച ഹോം നഴ്സ് കൈയോടെ പിടിയിൽ
![](https://www.newskerala-online.com/wp-content/uploads/2024/11/1000757418-01-780x470.jpeg)
ഉഡുപ്പി: ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് 31,17,100 രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും മോഷ്ടിച്ച ഹോം നഴ്‌സിനെ ഉഡുപ്പി ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. സ്വർണം, വെള്ളി, വജ്രം ആഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. താമസസ്ഥലത്ത് ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സിദ്ധപ്പ കെ കോഡ്‌ലിയാണ് അറസ്റ്റിലായത്. നവംബർ 17 നായിരുന്നു മോഷണം. ഏകദേശം 427 ഗ്രാം ഭാരമുള്ള ആഭരണം സ്വീകരണമുറിയിലെ ഗ്ലാസ് കാബിനറ്റിൽ നിന്നും കിടപ്പുമുറിയിലെ അലമാരയിൽ നിന്നുമാണ് ഇയാൾ കൈക്കലാക്കിയത്. സംഭവത്തിൽ ഉഡുപ്പി ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻസ്‌പെക്ടർ രാമചന്ദ്ര നായക്കിൻ്റെ നേതൃത്വത്തിൽ പിഎസ്ഐ ഈരണ്ണ ഷിറഗുമ്പി, ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ പുനീത്, ഉഡുപ്പി സിഇഎൻ പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ പവൻകുമാർ എന്നിവരും ഉദ്യോഗസ്ഥരായ അബ്ദുൾ ബഷീർ, സന്തോഷ്, ചേതൻ, പ്രവീൺ കുമാർ, പ്രവീൺ എന്നിവരും ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ കണ്ടെത്തിയതും മോഷ്ടിച്ച സ്വത്തുക്കൾ വീണ്ടെടുക്കുകയും ചെയ്തത്. പ്രതിയുടെ താമസ സ്ഥലത്തുനിന്നാണ് മോഷണ മുതൽ കണ്ടെടുത്തത്. തുടർ നടപടികൾക്കായി പ്രതിയെ കോടതിയിൽ ഹാജരാക്കി.
![](https://www.newskerala-online.com/wp-content/uploads/2024/11/1000757418-01.jpeg)