National

ട്രെയിനിലെ വൃത്തിഹീനമായ ടോയ്‍ലറ്റ്, യാത്രക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനുകള്‍ ഒഴികെയുള്ള ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ച് പരാതി പറയാത്ത യാത്രക്കാരില്ല. ഓരോ പരാതി ഉയരുമ്പോഴും ‘പരാതി ഞങ്ങള്‍ പരിശോധിക്കുന്നു’ എന്ന പതിവ് മറുപടിയാകും  ലഭിക്കുക. കഴിഞ്ഞ ദിവസം ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സെക്കന്‍റ് ക്ലാസ് ട്രെയിനില്‍ കയറിയ വിദേശ വനിത ട്രെയിനിലെ ടോയ്‍ലന്‍റിന്‍റെ വീഡിയോ പങ്കുവച്ച് കൊണ്ട് അവയുടെ വൃത്തിയില്ലായ്മ ചൂണ്ടിക്കാണിച്ച വീഡിയോ പങ്കുവച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനിടെയാണ് എസി കോച്ചിലെ ടോയ്‍ലറ്റില്‍ പോലും വെള്ളമില്ലാതിരുന്നതിനാല്‍ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്ന് പരാതിപ്പെട്ടയാള്‍ക്ക് 30,000 രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഇന്ത്യൻ റെയിൽവേയോട് ഉത്തരവിട്ടത്.  ഒന്നിന് പുറകെ ഒന്നായി റെയില്‍വേ ട്രാക്ക് മുറിച്ച് കടന്നത് അമ്പതോളം ആനകളുടെ വലിയാരു കൂട്ടം; വീഡിയോ വൈറല്‍ കുടുംബത്തോടൊപ്പം തിരുപ്പതിയിൽ നിന്ന് വിശാഖപട്ടണത്തെ ദുവ്വാഡയിലേക്കുള്ള യാത്രയ്ക്കായി  55 കാരനായ വി മൂര്‍ത്തി,  തിരുമല എക്സ്പ്രസ് ട്രെയിനിൽ നാല് 3 എസി ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്.  റെയില്‍വേ മൂര്‍ത്തിക്കായി ബി -7 കോച്ചിലെ ബെർത്തുകളും നൽകി. എന്നാല്‍, പിന്നീട് മൂര്‍ത്തിയുടെ ബര്‍ത്തുകള്‍ 3 എയില്‍ നിന്നും 3 ഇയിലേക്ക് മാറ്റിയതായി റെയില്‍വേയുടെ സന്ദേശം എത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച്  2023 ജൂൺ 5 ന് മൂർത്തിയും കുടുംബവും തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി. എന്നാല്‍ യാത്രയ്ക്കിടയില്‍ ടോയ്ലറ്റ് ഉപയോഗിക്കാനായി എത്തിയപ്പോള്‍ അവിടെ വെള്ളം ഉണ്ടായിരുന്നില്ല. മാത്രമല്ല, ഏസി കോച്ചെന്ന പേര് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. കോച്ചിലെ ഏസി പ്രവര്‍ത്തനരഹിതമായിരുന്നു. കോച്ചാകട്ടെ മുഴുവനും വൃത്തിഹീനവും. ഇത് സംബന്ധിച്ച പരാതി ദുവ്വാഡയിലെ റെയിൽവേ ഓഫീസിൽ മൂര്‍ത്തി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നാലെയാണ് മൂര്‍ത്തി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.  ഇന്ത്യൻ റെയിൽവേയിലെ വൃത്തിഹീന ശുചിമുറിയുടെ വീഡിയോയുമായി വിദേശ വനിത; ബജറ്റ് ഉയർത്താൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ എന്നാല്‍, മൂര്‍ത്തിയുടെ പരാതി, പൊതുഖജനാവിൽ നിന്നും പണം സമ്പാദിക്കാനുള്ള തെറ്റായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണെന്നായിരുന്നു റെയില്‍വേയുടെ ആരോപണം. ഒപ്പം, റെയില്‍വേയുടെ സേവനങ്ങള്‍ ഉപയോഗിച്ച് അദ്ദേഹവും കുടുംബവും സുരക്ഷിതമായി യാത്ര പൂര്‍ത്തിയാക്കിയെന്നും റെയില്‍വേ വാദിച്ചു. എന്നാല്‍, ടിക്കറ്റ് വാങ്ങി യാത്രക്കാര്‍ക്ക് സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന റെയില്‍വേ ഉപയോഗയോഗ്യമായ ടോയ്‍ലറ്റുകളും ഏസികളും അടക്കുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കാന്‍ ബാധ്യസ്ഥരാണെന്ന് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ -1 ബെഞ്ച് ചൂണ്ടിക്കാണിച്ചു. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിശോധിക്കാതെയാണ് ട്രെയിനുകള്‍ ഓടുന്നതെന്നും വ്യക്തമാക്കിയ കമ്മിഷൻ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലമുണ്ടായ ശാരീരികവും മാനസികവുമായ സമ്മർദ്ദത്തിന് 55 കാരന്  25,000 രൂപയും നിയമപരമായ ചെലവുകൾക്കായി 5,000 രൂപയും നൽകാൻ സൗത്ത് സെൻട്രൽ റെയിൽവേയോട് നിർദ്ദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button