‘
ദിനോസറുകളുടെ കാലഘട്ടത്തിലെ ഏറ്റവും പഴക്കമേറിയ സമുദ്ര ആവാസവ്യവസ്ഥയെ അനാവരണം ചെയ്ത് ആർട്ടിക് ദ്വീപായ സ്പിറ്റ്സ്ബെർഗനിൽ ഫോസിലുകളുടെ വൻ ശേഖരം കണ്ടെത്തി. ഏകദേശം 249 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് വളർന്നു വികസിച്ച സമുദ്ര ഉരഗങ്ങൾ, ഉഭയജീവികൾ, അസ്ഥി മത്സ്യങ്ങൾ, സ്രാവുകൾ തുടങ്ങിയവയുടെ പല്ലുകൾ, അസ്ഥികൾ, കോപ്രൊലൈറ്റുകൾ എന്നിവയുൾപ്പെടെ 30,000 ത്തിലധികം ഫോസിലുകൾ ഇവിടെനിന്ന് കണ്ടെടുത്തു. ഒരു പുരാതന സമുദ്ര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അപൂർവ കാഴ്ച നൽകുന്നവയാണ് ഈ അസാധാരണ കണ്ടെത്തൽ. കൂടാതെ ഭൂഗോളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ മരണമായ ‘പെർമിയൻ’ കൂട്ട വംശനാശത്തിനുശേഷം സമുദ്രജീവികൾ എങ്ങനെ വേഗത്തിൽ തിരിച്ചുവന്നുവെന്നും അവ എങ്ങനെ വൈവിധ്യവൽക്കരിക്കപ്പെട്ടുവെന്നുമുള്ള അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചകളും ഇത് നൽകുന്നു. 2015 ലാണ് ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത്. എന്നാൽ അവയുടെ പ്രാധാന്യം പൂർണ്ണമായി മനസ്സിലാക്കാൻ ഒരു ദശാബ്ദക്കാലത്തെ സൂക്ഷ്മമായ ഖനനം, വിശകലനം എന്നിവ ആവശ്യമായിരുന്നു. ഓസ്ലോ സർവകലാശാലയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെയും സ്റ്റോക്ക്ഹോമിലെ സ്വീഡിഷ് മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലെയും സ്കാൻഡിനേവിയൻ പാലിയന്റോളജിസ്റ്റുകളുടെ ഒരു സംഘമാണ് ഈ പ്രവർത്തനം നടത്തിയത്. ‘സയൻസി’ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പെർമിയൻ കൂട്ട വംശനാശത്തിനുശേഷം സമുദ്രജീവികൾ വേഗത്തിൽ തിരിച്ചുവന്നുവെന്നും ഈ വിനാശകരമായ സംഭവത്തിന് വെറും മൂന്ന് ദശലക്ഷം വർഷങ്ങൾക്കു ശേഷം സങ്കീർണ്ണമായ ഭക്ഷ്യ ശൃംഖലകൾ സ്ഥാപിച്ചുവെന്നും പറയുന്നു.‘സ്പിറ്റ്സ്ബെർഗൻ കിടക്ക’ പർവതനിരകളിൽ അസ്ഥികൂടങ്ങളെ ഭദ്രമായി സംരക്ഷിച്ചു. ചെറിയ മത്സ്യ ചെതുമ്പലുകൾ, സ്രാവിന്റെ പല്ലുകൾ മുതൽ ‘ഫിഷ് ലിസാർഡ്സ്’ എന്ന് വിളിക്കപ്പെടുന്ന ‘ഇക്ത്യോസോറുകൾ’ ഉൾപ്പെടെയുള്ള വലിയ സമുദ്ര ഉരഗ അസ്ഥികൾ വരെ ഫോസിലുകളിൽ ഉൾപ്പെടുന്നു. വളരെ ശ്രദ്ധാപൂർവം ഖനനം നടത്തിയാണ് ഇവ ശേഖരിച്ചത്. ഇതിന്റെ ഫലമായി 800 കിലോഗ്രാമിലധികം വസ്തുക്കൾ ലഭിച്ചു. ഈ ശ്രദ്ധാപൂർവമായ സമീപനം ഗവേഷകരെ ഒരു പുരാതന സമുദ്ര ആവാസവ്യവസ്ഥയുടെ ഭക്ഷ്യവലയത്തെയും സമൂഹ ഘടനയെയും വിശദമായി പുനഃർനിർമിക്കാൻ സഹായിച്ചു. വേട്ടക്കാരനും ഇരയും തമ്മിലുള്ള ബന്ധങ്ങളും അക്കാലത്ത് നിലനിന്നിരുന്ന പാരിസ്ഥിതിക ഇടങ്ങളുടെ വൈവിധ്യവും വെളിപ്പെടുത്തി.പെർമിയൻ വംശനാശത്തിനുശേഷം സമുദ്ര ആവാസവ്യവസ്ഥ വളരെ വേഗത്തിൽ തിരിച്ചുവന്നുവെന്നും ഏതാനും ദശലക്ഷം വർഷങ്ങൾക്കുള്ളിൽ സങ്കീർണ്ണമായ ഭക്ഷ്യ ശൃംഖലകൾ സ്ഥാപിച്ചുവെന്നും ഫോസിലുകൾ തെളിയിക്കുന്നു. ആർക്കോസോറോമോർഫുകൾ, ഇക്ത്യോസോറുകൾ, സമുദ്ര ഉഭയജീവികൾ എന്നിവയുൾപ്പെടെ പൂർണ്ണമായും ജലജീവികളായ ഉരഗങ്ങളുടെ വൈവിധ്യം, ആദ്യകാല സമുദ്ര വീണ്ടെടുക്കലിന്റെ വേഗതയും വ്യാപ്തിയും എടുത്തുകാണിക്കുന്നു. ആവാസവ്യവസ്ഥ പുനഃർനിർമാണത്തെക്കുറിച്ചുള്ള ദീർഘകാല വിശ്വാസങ്ങളെ ഈ കണ്ടെത്തലുകൾ മാറ്റിമറിക്കുന്നു. ദുരന്തങ്ങൾക്ക് ശേഷമുള്ള ജീവിതത്തിന്റെ പ്രതിരോധശേഷിയെയും ഉയിർപ്പിനെയും അടിവരയിടുകയും ചെയ്യുന്നു.


