കണ്ണൂർ: കാറിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് അഴീക്കലിൽ 77കാരന് തെറിവിളിയും ക്രൂരമർദനവും. അഴീക്കൽ മുണ്ടചാലിൽ വീട്ടിൽ ബാലകൃഷ്ണനാണ് യുവാക്കളുടെ മർദനമേറ്റത്. ഇദ്ദേഹത്തിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന യുവാക്കൾക്കെതിരെ വളപട്ടണം പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകീട്ട് നാലിന് ബാലകൃഷ്ണന്റെ വീടിനു സമീപമാണ് സംഭവം. തെറിവിളിയും മർദനത്തിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ വന്നതോടെയാണ് ക്രൂരത പുറത്തറിയുന്നത്. റോഡിൽ കാർ നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. വയോധികൻ റോഡിൽ കാർ നിർത്തിയത് യുവാക്കൾ ചോദ്യം ചെയ്തു. കാർ ഓടിക്കുകയായിരുന്ന ബാലകൃഷ്ണൻ തെറി വിളിച്ചെന്നാരോപിച്ചാണ് യുവാക്കൾ മർദിച്ചത്. കാറിനകത്ത് ഇരിക്കുകയായിരുന്ന ബാലകൃഷ്ണനെ യുവാക്കളിൽ ഒരാൾ നിരന്തരം ആക്രമിച്ചു. മർദനം സഹിക്കാതെ കാറിൽ നിന്നിറങ്ങി നടന്നുപോയപ്പോഴും ഇവർ വെറുതെ വിട്ടില്ല. നടന്നുനീങ്ങിയ വയോധികനെ യുവാവ് പിന്നിൽനിന്ന് ആഞ്ഞുചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണം മതിയെന്ന് ദൂരെ നിന്ന് മറ്റ് സുഹൃത്തുക്കൾ വിളിച്ചുപറയുന്നതും തെറി വിളിച്ചവനെ വെറുതെ വിടാമോ എന്നൊക്കെ ചോദിക്കുന്നതും ദൃശ്യത്തിൽ കേൾക്കാം. വീട്ടിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്. മർദനം തുടർന്നതോടെ, ബാലകൃഷ്ണൻ റോഡരികിലെ കടയിലേക്ക് കയറിയപ്പോഴും യുവാക്കൾ വിട്ടില്ല. കടയിൽ കയറിയും യുവാക്കൾ മർദനം തുടർന്നു. ഓടിക്കൂടിയ നാട്ടുകാർ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
