ഭോപ്പാൽ: മധ്യപ്രദേശിൽ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കാർബൈഡ് ഗൺ പൊട്ടിച്ച 14 കുട്ടികൾക്ക് കാഴ്‌ചശക്തി നഷ്ടമായി. നൂറിലേറെ കുട്ടികൾ ഭോപ്പാലിലെ ആശുപത്രികളിൽ ചികിത്സയിൽ. മൂന്ന് ദിവസത്തിനിടെ മധ്യപ്രദേശിലുടനീളം നൂറ്റി ഇരുപത്തിരണ്ടിലധികം കുട്ടികളെ കണ്ണിന് ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ മാത്രം 72 മണിക്കൂറിനുള്ളിൽ 26 കുട്ടികളെ പ്രവേശിപ്പിച്ചു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ, ഗ്വാളിയോർ എന്നിവിടങ്ങളിലെ ആശുപത്രികളിലും കുട്ടികൾ ചികിത്സ തേടി. തോക്ക് വിറ്റ ആറ് പേരെ വിദിഷ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18 ന് സർക്കാർ നിരോധനം പുറപ്പെടുവിച്ചിട്ടുള്ളയാണ് കാർബൈഡ് ഗൺ. എന്നാൽ പ്രാദേശിക വിപണിയിൽ ഇത് സുലഭമാണ്. 150 മുതൽ 200 രൂപ വരെ വിലയ്ക്കാണ് ഉപകരണങ്ങൾ വിൽക്കുന്നത്. സ്ഫോടനം മൂലം പുറത്തുവരുന്ന ലോഹ കഷ്ണങ്ങളും കാർബൈഡ് വെപ്പറും കണ്ണിൻ്റെ റെറ്റിനയെ കരിച്ചുകളയുമെന്ന് ഡോക്ടർമാർ പറയുന്നു. പൈപ്പുകൾ ഉപയോഗിച്ച് കുട്ടികൾ കാർബൈഡ് തോക്ക് നിർമ്മിക്കുന്നതായും അവയിൽ വെടിമരുന്ന്, തീപ്പെട്ടി, കാൽസ്യം കാർബൈഡ് എന്നിവ നിറച്ച് കത്തിച്ച് പടക്കത്തിന് പകരമായി വ്യാപകമായി ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്.
