ഗുണം കേട്ട് വാങ്ങാൻ ഓടല്ലേ; വിറ്റാമിന്‍ ഇ ഗുളികയുടെ ഡോസ് കൂടിയാൽ അര്‍ബുദം വരെ സംഭവിക്കാം

ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് പോഷകങ്ങളും ധാതുക്കളും ആവശ്യമാണ്. വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഓര്‍മക്കുറവ് മുതല്‍ വിഷാദ രോഗത്തിന് വരെ ഇത്തരത്തിലുള്ള പോഷകക്കുറവ് കാരണമാകാം. ചര്‍മത്തിന്റെയും മുടിയുടെയും സംരക്ഷണത്തില്‍ ഏറെ പങ്കുവഹിക്കുന്ന ജീവകമാണ് വിറ്റാമിന്‍ ഇ. അതിനാല്‍ മിക്ക സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളിലും വിറ്റാമിന്‍ ഇ പ്രധാന ഘടകമാണ്.
എന്നാൽ ചർമ സംരക്ഷണത്തിനായി ഡോക്ടറുടെ നിർദേശമില്ലാതെ വിറ്റാമിൻ ഇ ഗുളികകൾ കഴിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ആൽഫ-ടോക്കോഫെറോൾ എന്നറിയപ്പെടുന്ന വിറ്റാമിൻ ഇ ചർമത്തിലെ ശരീരകോശങ്ങളെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. യുവത്വം നിലനിർത്തുന്നു. ചർമത്തിന്‍റെ ഘടന, ഇലാസ്തികത, ദൃഢത എന്നിവ നിലനിർത്തുകയും ചെയ്യുന്നു.
എന്നാൽ ഈ ഗുണങ്ങളെല്ലാം കേട്ട് നേരെ വിറ്റാമിൻ ഇ ഗുളിക വാങ്ങാൻ പോയാൽ പണി പാളും. വിറ്റാമിൻ ഇ സപ്ലിമെന്റുകളുടെ ഡോസ് കൂടിയാൽ പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഉയർന്ന രക്തസമ്മർദം, ഓക്കാനം, വയറിളക്കം, വയറുവേദന, ക്ഷീണം, തലകറക്കം, കാഴ്ച മങ്ങൽ, തലവേദന എന്നിവയിലേക്ക് നയിക്കാം. പ്രതിദിനം 400 ഐയു വിൽ കൂടുതൽ അളവിൽ സ്ഥിരമായി വിറ്റാമിൻ ഇ ഗുളികൾ കഴിക്കുന്നത് അർബുദത്തിന് വരെ കാരണമായേക്കാം.
അതുകൊണ്ട് ശരീരത്തിൽ വിറ്റാമിൻ ഇയുടെ കുറവുണ്ടെങ്കിൽ മാത്രം ആരോഗ്യവിദഗ്ധരുടെ നിർദേശ പ്രകാരം വിറ്റാമിൻ സപ്ലിമെന്‍റുകൾ ഉപയോഗിക്കാം. വിറ്റാമിൻ ഇ ഗുളിക പുറമെ ചർമത്തിൽ പുരട്ടുമ്പോഴും ശ്രദ്ധിക്കുക. നേരിട്ട് പുരട്ടാതെ മോയ്‌സ്‌ചറൈസർ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് നേർപ്പിച്ച ശേഷം പുരട്ടുക.
