Site icon Newskerala

ചെവിയിൽ ബഡ്സ് തിരുകുന്ന ശീലമുണ്ടോ? ശ്രദ്ധിച്ചില്ലേൽ പണി കിട്ടും

ചെവിയിൽ വല്ലതും കുടുങ്ങിയെന്ന് തോന്നുമ്പോഴോ ഇക്കിളിയെടുക്കുമ്പോഴോ കോട്ടൺ ബഡ് ഉപയോ​ഗിച്ച് ക്ലീൻ ചെയ്യാറുണ്ടോ? ക്യു- ടിപ്സ് എന്നും വിളിപ്പേരുള്ള കോട്ടൺ ബഡ് ഉപയോ​ഗിച്ച് നിരന്തരമായി ക്ലീൻ ചെയ്യുന്നതിലൂടെ ചെവി വൃത്തിയാകുമെന്നാണ് അധികപേരും കരുതിയിരിക്കുന്നത്.എന്നാൽ, ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ ചെവിക്ക് ​ഗുണത്തേക്കാളേറെ ദോഷമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഇനി മുതൽ അൽപം കരുതലാകാം. കോട്ടൺ ബഡ് അമിതമായി ഉപയോ​ഗിക്കരുതെന്ന് ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ ഹെപ്പറ്റോളജിയിൽ പരിശീലനം പൂർത്തിയാക്കിയ ഡോക്ടർ സൗരഭ് സേഥി. എങ്ങനെയാണ് കോട്ടൺ ബഡ് വില്ലനാകുന്നത്? ഇൻസ്റ്റ​ഗ്രാം പോസ്റ്റിലൂടെ കോട്ടൺ ബഡ് ഉപയോ​ഗിക്കുന്നതിനെതിരെ കർശനമായ മുന്നറിയിപ്പാണ് ഡോക്ടർ നൽകുന്നത്. ‘ഒരു കാരണവശാലും ചെവിയിൽ തിരുകരുത്’ എന്ന് ബഡ്സിന്റെ പാക്കറ്റിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്. ഇത് കണ്ടിട്ടും സൗകര്യപൂർവം അവ​ഗണിക്കുകയാണ് അധികപേരും. ചെവിക്കുള്ളിലെ കനാലിൽ നിന്നുള്ള മെഴുക് പോലെയുള്ള സ്രവം എടുത്തുകളയാനാണ് മിക്കവരും ബഡ്സ് ഉപയോ​ഗിക്കുന്നത്. എന്നാൽ, ഈ സ്രവങ്ങൾ ചെവിയെ സംരക്ഷിക്കുകയും അണുക്കളിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യും. മാത്രമല്ല, ചെവി പ്രത്യേകമായി ക്ലീൻ ചെയ്യേണ്ടതില്ലെന്നും പ്രകൃതിദത്തമായി സ്വയം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. ‘ഒരു കോട്ടൺ ബഡ്സ് ചെവിയിലേക്ക് തിരുകുന്നതിലൂടെ നിങ്ങൾ ശരിക്കും ചെവി വൃത്തിയാക്കുകയല്ല ചെയ്യുന്നത്. കൂടുതൽ ആഴത്തിലേക്ക് എത്തുന്നതിലൂടെ ചെവിയുടെ കനാൽ അടഞ്ഞുപോകും. വേദന, അണുബാധ തുടങ്ങിയവയ്ക്ക് കാരണമാകുകയും ചെയ്യും.’ ഡോക്ടർ വിശ​ദമാക്കി.കൂടാതെ, 2017ൽ ജേർണൽ ഓഫ് പീഡിയാട്രിക്സിൽ പ്രസിദ്ധീകരിച്ച പഠനം പ്രകാരം, ചെവി സംബന്ധമായ പരിക്കുകളുമായെത്തുന്ന 70 ശതമാനമാളുകളും കോട്ടൺ ബഡ്സ് ഉപയോ​ഗിക്കുന്നവരാണ്. ‘ഇത് ഉപയോ​ഗിക്കുന്നത് നല്ല സുഖമാണെന്ന് അറിയാം, പക്ഷെ, അമിതമായ ഉപയോ​ഗം പതിയെ നിങ്ങളുടെ കേൾവിശക്തിയെ എടുത്തുകളയും. അതുകൊണ്ട്, ജാ​ഗ്രതയോടെ ഉപയോ​ഗിക്കുക.’ ഡോക്ടർ കൂട്ടിച്ചേർത്തു. (ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ദന്‍റെ ഉപദേശം തേടുക)

Exit mobile version