മലപ്പുറം:സമൂഹമാധ്യമങ്ങളിലൂടെയും മറ്റ് മാധ്യമങ്ങൾ വഴിയുമുള്ള മരുന്ന് പരസ്യങ്ങളിലെ ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് ജീവന് ഭീഷണിയാണെന്ന് ആരോഗ്യവകുപ്പ്. എം.എൽ.എമാരായ പി.എസ്. സുപാൽ, സി.കെ. ആശ തുടങ്ങിയവരുടെ ചോദ്യത്തിന് നിയമസഭയിൽ ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. ശാസ്ത്രീയ അടിസ്ഥാനമില്ലാതെയാണ് മിക്ക ഉൽപന്നങ്ങളുടെയും പരസ്യങ്ങൾ തെറ്റായ അവകാശവാദങ്ങളുമായി വരുന്നത്.
ഇത് യുവാക്കളുൾപ്പെടെ വാങ്ങി ഉപയോഗിക്കുന്നതായി മറുപടിയിൽ പറയുന്നു. ഇത്തരം പരസ്യങ്ങൾക്കെതിരെ ഓപറേഷൻ മാജിക് ആഡ് എന്ന പേരിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് റെയ്ഡ് നടത്തുന്നുണ്ട്. 25ഓളം കേസുകൾ ഡ്രഗ്സ് കൺട്രോൾ വകുപ്പ് രജിസ്റ്റർ ചെയ്തു. ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമെഡീസ് ഒബ്ജഷനബ്ൾ അഡ്വർടൈസ്മെന്റ് ആക്ട് 1954 നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ പരസ്യംചെയ്ത് നിർമിച്ച് വിതരണം നടത്തിയ ഉൽപന്നങ്ങൾ കണ്ടുകെട്ടി.
നിർമാതാക്കൾ, വിതരണക്കാർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിച്ചു. ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമെഡീസ് ഒബ്ജഷനബ്ൾ ആക്ട് പ്രകാരം അർബുദം, പ്രമേഹം, അപസ്മാരം, ഹൃദ്രോഗം, കുഷ്ഠം, വന്ധ്യത, ലൈംഗിക ബലഹീനത തുടങ്ങി 54 ഇനം രോഗാവസ്ഥകൾ ചികിത്സിച്ച് ഭേദപ്പെടുത്താമെന്ന് അവകാശവാദങ്ങൾ ഉന്നയിക്കാൻ പാടില്ല. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്ട് 1940, ഡ്രഗ്സ് റൂൾസ് 1945 എന്നിവ പ്രകാരം ഓൺലൈൻ മരുന്ന് വ്യാപാരത്തിനും നിയമസാധുതയില്ല.
ഓൺലൈൻ മരുന്നുവിൽപന നടത്തിയ ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കെതിരെയും ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. എറണാകുളം, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ ഓൺലൈൻ വഴി മരുന്ന് വിറ്റതിന് നിയമനടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.
