InformationKeralaSpot light

വിളിക്കാത്ത കല്യാണത്തിന്‌ പോകല്ലേ ! പണി പാളും ; സൈബർ പൊലീസ്‌ മുന്നറിയിപ്പ്‌

കൊച്ചി:
വിളിക്കാത്ത കല്യാണത്തിന്‌ പോകാതിരിക്കുകയാണ്‌ നല്ലതെന്ന്‌ പഴമക്കാർ പറയും. പുതിയ കാലത്തും ഈ ചൊല്ല്‌ പ്രസക്തം. സമൂഹമാധ്യമങ്ങളിൽ അജ്ഞാത നമ്പറുകളിൽനിന്ന്‌ വരുന്ന കല്യാണംവിളികൾ സൂക്ഷിക്കണമെന്ന്‌ സൈബർ പൊലീസ്‌ മുന്നറിയിപ്പുനൽകുന്നു. നിർദോഷ വിവാഹ ക്ഷണക്കത്തുകളായി തോന്നുമെങ്കിലും അവയിൽ ക്ലിക്ക്‌ ചെയ്‌താൽ പണി ക്ഷണിച്ചുവരുത്തലാകും.

നമ്മുടെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സൈബർ തട്ടിപ്പുകാരെ സഹായിക്കുന്ന എപികെ ഫയലുകളാണ്‌ കല്യാണക്കത്തുകളുടെ രൂപത്തിൽ വരുന്നത്‌. കൂടുതലും വാട്‌സാപ്പിലായിരിക്കും ഇത്തരം വ്യാജ ഡിജിറ്റൽ കല്യാണക്കുറികൾ. കല്യാണക്ഷണക്കത്തിന്റെ ലിങ്കിൽ ക്ലിക്ക്‌ ചെയ്‌താൽ ഏതെങ്കിലും തട്ടിപ്പ്‌ വെബ്‌സൈറ്റിലാവും ചെന്നെത്തുക. ഇതിനിന്ന്‌ ഏതെങ്കിലും ഫയൽ ഡൗൺലോഡ്‌ ചെയ്യാനായിരിക്കും അടുത്ത ആവശ്യം. ഇങ്ങനെ ചെയ്‌താൽ ഏതെങ്കിലും മാൽവെയർ ആപ്പ്‌ ഫോണിൽ ഇൻസ്‌റ്റാൾ ചെയ്യപ്പെടും. ഫോണിലെ സുപ്രധാന വിവരങ്ങൾ സൈബർ തട്ടിപ്പുകാരന്‌ ഇതുവഴി ലഭിക്കും. തട്ടിപ്പുകാർക്ക്‌ നമ്മുടെ ഫോണിൽ സേവ്‌ ചെയ്‌തിട്ടുള്ള നമ്പറുകളും ലഭിക്കും. ഓൺലൈൻ ബാങ്കിങ്‌ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ പാസ്‌വേർഡും തട്ടിപ്പ്‌ സംഘത്തിന്‌ ലഭിക്കാം. സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക്‌ ചെയ്യാനും അവർക്ക്‌ സാധിക്കും. നമ്മുടെ പേരിൽ സുഹൃത്തുക്കളിൽനിന്ന്‌ പണം തട്ടാനും ശ്രമിക്കും.
അതിനാൽ അജ്ഞാതമായ വിവാഹ ക്ഷണമോ ഏതെങ്കിലും ഫയലോ അറിയാത്ത നമ്പറിൽനിന്ന് ലഭിച്ചാൽ അതിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുതെന്ന്‌ സൈബർ സുരക്ഷാ വിദഗ്‌ധരും സൈബർ പൊലീസും പറയുന്നു. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് അയച്ചതാരാണന്ന്‌ ഉറപ്പുവരുത്തുക. പരിചയമുള്ളയാളുടെ നമ്പറിൽനിന്നാണ്‌ സന്ദേശം വന്നതെങ്കിലും അയാളെ വിളിച്ച്‌ കാര്യം തിരക്കുക. അയച്ചിട്ടില്ലെന്ന്‌ പറയുകയാണെങ്കിൽ ഒരിക്കലും തുറക്കരുത്‌. ഇത്തരം തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടാൽ ഉടനെ പൊലീസിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930 നമ്പറിലോ പരാതി രജിസ്‌റ്റർ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button