Site icon Newskerala

നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ലഹരി വിൽപ്പനക്കാരിയെ പിഐടി എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര ജയിലിലടച്ചു

കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട ലഹരി വിൽപ്പനക്കാരിയെ പിഐടി എൻഡിപിഎസ് നിയമപ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലടച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചേക്കറായിൽ വളപ്പ് സ്വദേശിനി കോണാട് കമറുനിസ (55)യെയാണ് ജയിലിലടച്ചത്. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ അരുൺ കെ. പവിത്രൻ ഐപിഎസ് സമർപ്പിച്ച ശിപാർശയുടെ അടിസ്ഥാനത്തിൽ പിഐടി എൻഡിപിഎസ് (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance) നിയമപ്രകാരം ആഭ്യന്തര വകുപ്പ് ഒരു വർഷത്തേക്ക് തടങ്കൽ ഉത്തരവ് പുറപ്പെടുവിപ്പിച്ചു. പ്രതിയെ ടൗൺ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീസിത, സിപിഒമാരായ സോണി നെരവത്ത്, വന്ദന, സിറ്റി ക്രൈം സ്ക്വോഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്,ഷഹീർ പെരുമണ്ണ, രാകേഷ് ചൈതന്യം എന്നിവരടങ്ങുന്ന അന്വേഷണസംഘം കോഴിക്കോട് പാളയത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാക്കുകയും ചെയ്തു. ഏപ്രിൽ 17ന് തിയ്യതി കോഴിക്കോട് റെയിൽവെ സ്റ്റേഷൻ റോഡിൽ മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേയ്ക്ക് ട്രെയിൻ മാർഗ്ഗം വിൽപ്പനക്കായി കൊണ്ട് വന്ന 4 കിലോ 331 ഗ്രാം കഞ്ചാവുമായി പ്രതിയെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി ആന്ധ്രയില്‍ നിന്നും കഞ്ചാവ് മൊത്തമായി കൊണ്ടുവന്ന് കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ മൊത്തമായും, ചില്ലറയായും വിൽപ്പന നടത്തി വരികയായിരുന്നു. പ്രതിക്ക് കേരളത്തിനു അകത്തും പുറത്തുമായി നിരവധി മയക്കു മരുന്ന് കേസുകള്‍ ഉണ്ട്. പ്രതി 80.500 ഗ്രാം ബ്രൗൺ ഷുഗറും, രണ്ട് കിലോ കഞ്ചാവുമായി കുന്ദമംഗലം പൊലീസിന്റെ പിടിയിലാകുകയും അഞ്ച് വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്സൈസിൽ കഞ്ചാവുമായി പിടിക്കപ്പെട്ടതിന് മൂന്ന് കേസുകളും, കഴിഞ്ഞ വർഷം കോയമ്പത്തൂരില്‍ വെച്ച് നാല് കിലോ കഞ്ചാവുമായി പിടികൂടിയതിന് ഒരു കേസും നിലവിലുണ്ട്.

Exit mobile version