Site icon Newskerala

കസ്റ്റഡിയിലെടുത്ത യുവതിയെ ബലാല്‍സംഗം ചെയ്ത ഡിവൈഎസ്പി ഉമേഷിന് സസ്‌പെന്‍ഷന്‍

കസ്റ്റഡിയിലെടുത്ത യുവതിയെ ബലാല്‍സംഗം ചെയ്ത വടകര ഡിവൈഎസ്പി എ ഉമേഷിന് സസ്പെന്‍ഷന്‍. ഉമേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നടപടി. കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ആരോപണ വിധേയനായ വടകര ഡിവൈഎസ്പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവെത്തിയത് പൊലീസിന്റെ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ്.
ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും പൊലിസ് എന്ന പദവി ദുരുപയോഗം ചെയ്തുവെന്നും ആഭ്യന്തരവകുപ്പിന്റെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. അന്വേഷണവും ആക്ഷേപവും ശക്തമായതോടെ ഇന്നലെ ഡിവൈഎസ്പി ഉമേഷ് മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചിരുന്നു. ഇസിജിയില്‍ വ്യതിയാനം വന്നതിനെ തുടര്‍ന്നാണ് മെഡിക്കല്‍ അവധിയില്‍ പ്രവേശിക്കുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.
വടക്കഞ്ചേരി സിഐയായിരുന്നപ്പോള്‍ മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ചെര്‍പ്പുള്ളശ്ശേരി സിഐയുടെ ആത്മഹത്യാക്കുറിപ്പിലെ ആരോപണമായിരുന്നു അനാശാസ്യ കേസില്‍ അറസ്റ്റിലായ ഒരു യുവതിയെ ഡിവൈഎസ്പി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നത്. കുറച്ചുദിവസം മുമ്പാണ് ചെര്‍പ്പുളശ്ശേരി എസ്എച്ച്ഒ ആയിരുന്ന ബിനു തോമസ് ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്കുറിപ്പിലായിരുന്നു ഉമേഷിനെതിരേ ഗുരുതര ആരോപണം ഉണ്ടായിരുന്നത്. 11 വര്‍ഷം മുന്‍പ്, വടക്കഞ്ചേരി പോലീസ് സ്റ്റേഷനില്‍ ഉമേഷ് സിഐ ആയിരിക്കവേയാണ് ആരോപണത്തിന് ആധാരമായ സംഭവം നടന്നതെന്ന് ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പില്‍ ഉണ്ടായിരുന്നു. അന്ന് സ്റ്റേഷനിലെ എസ്ഐ ആയിരുന്നു ബിനുവിന് ഭീഷണിപ്പെടുത്തിയെന്നും യുവതിയെ പീഡിപ്പിക്കാന്‍ പ്രേരിപ്പിച്ചുവെന്നും എന്നാല്‍ താന്‍ വഴങ്ങിയില്ലെന്നും ആത്മഹത്യ കുറിപ്പില്‍ പറയുന്നുണ്ട്. ഇതാണ് ആദ്യം പുറത്തുവന്നത്. യുവതിയെ പീഡിപ്പിച്ച വിഷയം പറഞ്ഞ് ഡിവൈഎസ്പി തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്നും സിഐ ബിനുവിന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.

ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിലെ പരാമര്‍ശത്തിന് പിന്നാലെ പാലക്കാട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിക്കുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറഞ്ഞ കാര്യം ശരിയാണെന്നാണ് യുവതി മൊഴി നല്‍കിയത്.

Exit mobile version