Site icon Newskerala

മൂന്നുദിവസം മുമ്പുള്ള ഇ.സി.ജി പരിശോധനയിൽ കുഴപ്പമില്ല, പിന്നാലെ ഹൃദയാഘാതം; ആരോഗ്യമേഖലയെ ഞെട്ടിച്ച് പ്രശസ്ത ന്യൂറോ സർജന്റെ മരണം

നാഗ്പൂരിലെ പ്രശസ്ത ന്യൂറോ സർജൻ ഡോ. ചന്ദ്രശേഖർ പഖ്‌മോഡെയുടെ മരണം ആരോഗ്യമേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 53 വയസ്സായിരുന്ന ഡോക്ടർ ഹൃദയാഘാതത്തെ തുർന്നാണ് ക​ഴിഞ്ഞ ദിവസം മരണപ്പെട്ടത്. കൃത്യമായ ഭക്ഷണക്രമം പാലിച്ചിരുന്ന, വ്യായാമശീലമുള്ള, മൂന്നു ദിവസം മുമ്പ് എടുത്ത ഇ.സി.ജിയിൽ പോലും കുഴപ്പമൊന്നുമില്ലാതിരുന്ന ഒരാൾക്ക് എങ്ങനെ ഇത്തരമൊരു ദുരന്തം സംഭവിച്ചു എന്നത് ആരോഗ്യമേഖലയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നടത്തിയ ഇ.സി.ജി പരിശോധനയിൽ പൂർണ ആരോഗ്യവാനെന്ന് രേഖപ്പെടുത്തിയ ഡോക്ടറുടെ മരണം ഹൃദയാഘാതത്തിലെ മറഞ്ഞിരിക്കുന്ന സാധ്യതകളെയാണ് തുറന്നുകാട്ടുന്നതെന്ന് ആരോഗ്യമേഖല വിലയിരുത്തുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ, തുടങ്ങിയ കാര്യങ്ങൾ നിരന്തരം പരിശോധിച്ചിട്ടും കൃത്യമായ പരിശോധനകൾ നടത്തിയിട്ടും കണ്ടുപിടിക്കാൻ സാധിക്കാത്ത ഹൃദയാഘാത ലക്ഷണങ്ങൾ ആരോഗ്യമേഖലക്ക് വൻ തിരിച്ചടിയാണ്. എന്നാൽ, പ്രകടമായ ആരോഗ്യ ലക്ഷണത്തോടൊപ്പം തന്നെ ​പ്രധാനമാണ് മാനസികാരോഗ്യവുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റ് രഞ്ജൻ ഷെട്ടി പറയുന്നു. ദീർഘനേരം ജോലി ചെയ്യുന്നത്, സമ്മർദം, ഉറക്കക്കുറവ് തുടങ്ങിയ മാനസികാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് രഞ്ജൻ ഷെട്ടി പറയുന്നത്. ഇത്തരത്തിൽ ഹൃദയാഘാതം മൂലം പ്രയാസമനുഭവിക്കുന്ന നിരവധി ഡോക്ടർമാർ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. എല്ലാ പരിശോധനാ ഫലങ്ങളും സാധാരണ നിലയിലാണെങ്കിൽ പോലും മേൽപറഞ്ഞ കാര്യങ്ങൾ ഹൃദയാഘാതത്തിനുള്ള ഏറ്റവും വലിയ കാരണമാണെന്ന് ഡോക്ടർ വ്യക്തമാക്കുന്നുണ്ട്.ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന പ്രധാന ധമനിയായ ‘ലെഫ്റ്റ് ആന്റീരിയർ ഡിസെന്റിങ്ങിൽ’ (LAD) ഉണ്ടാകുന്ന തടസ്സങ്ങളും അതോടൊപ്പം തന്നെ അതീവ ഗുരുതരമാണ്. ഇവിടെ തടസ്സമുണ്ടായാൽ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പകുതിയോളം നിലക്കുകയും ഹൃദയമിടിപ്പിന്റെ താളംതെറ്റിക്കുന്ന ‘അരിത്മിയ’ (Arrhythmia) എന്ന അവസ്ഥക്ക് കാരണമാവുകയും ചെയ്യും. ഇത് പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും ഹൃദയാഘാതത്തിനും വഴിയൊരുക്കും.എന്തുകൊണ്ടാണ് ഇടത് ആർടറിയിലെ ബ്ലോക്ക് ഗുരുതരമാവുന്നത്?ഇടത് ആർടറിയിലെ തടസ്സം ശരീരത്തിലേക്കുള്ള വായു അടങ്ങിയ രക്തയോട്ടത്തെ തടസ്സപ്പെടുത്തും. ഇത് ഹൃദയത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കും. തുടർന്ന് ഹൃദയത്തിന്റെ താളം അസാധാരണമാക്കുന്ന അരിത്മിയക്ക് കാരണമാവും. ഇതാണ് ഹൃദയാഘാതത്തിനും ഹൃദയത്തിന്റെ പ്രവർത്തനം പെട്ടന്ന് നിലക്കുന്നതിനും കാരണമാവുന്നത്. സമ്മർദം എങ്ങനെ വില്ലനാകുന്നു?തുടർച്ചയായ മാനസിക സമ്മർദവും തളർച്ചയും ശരീരത്തിൽ വിട്ടുമാറാത്ത വീക്കം (Chronic inflammation) ഉണ്ടാക്കും. ഇത് രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും കൊളസ്ട്രോൾ അടിഞ്ഞുകൂടി പ്ലാക്ക് രൂപപ്പെടാൻ കാരണമാവുകയും ചെയ്യും. മാത്രവുമല്ല മാനസിക സമ്മർദമുണ്ടാകുമ്പോൾ ശരീരത്തിൽ അഡ്രിനാലിൻ, കോർട്ടിസോൾ എന്നീ ഹോർമോണുകൾ അമിതമായി ഉൽപാദിപ്പിക്കപ്പെടും. ഇവ ഹൃദയമിടിപ്പും രക്തസമ്മർദവും വർദ്ധിപ്പിക്കും.പെട്ടെന്നുണ്ടാകുന്ന മാനസിക സമ്മർദം രക്തധമനികളിലെ പ്ലാക്കുകൾ പൊട്ടി രക്തം കട്ടപിടിക്കാനും മിനിറ്റുകൾക്കുള്ളിൽ ഹൃദയാഘാതമുണ്ടാകാനും കാരണമാകും. വിഷാദരോഗമോ ഉയർന്ന സമ്മർദമോ ഉള്ളവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്.അപകടകരമായ സമയംപല ഹൃദയാഘാതങ്ങളും പുലർച്ചെ മൂന്നു മണിക്കും ആറു മണിക്കും ഇടയിൽ സംഭവിക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? എന്ത് കൊണ്ടാണ് പുലർച്ചെ സമയങ്ങളിൽ ഹൃദയാഘാതം കൂടുതലായി സംഭവിക്കുന്നത് എന്നതിന് വ്യക്തമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. പകൽസമയത്തെ വെല്ലുവിളികളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്നതിനായി പുലർച്ചെ സമയം ശരീരം ചില സ്ട്രെസ് ഹോർമോണുകളെ വൻതോതിൽ പുറത്തുവിടാറുണ്ട്. പ്രധാനമായും കോർട്ടിസോൾ, അഡ്രിനാലിൻ എന്നീ ഹോർമോണുകളാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ ഹോർമോണുകൾ ഹൃദയമിടിപ്പ് വർധിപ്പിക്കുകയും രക്തസമ്മർദം ഉയർത്തുകയും ചെയ്യും. ഇത് ഹൃദയത്തിന് കൂടുതൽ ഓക്സിജൻ ആവശ്യമായ സാഹചര്യം സൃഷ്ടിക്കും. സാധാരണഗതിയിൽ പുലർച്ചെ മൂന്നിനും ആറിനും ഇടയിലാണ് ഈ ഹോർമോണുകളുടെ അളവ് ശരീരത്തിൽ വർധിക്കുന്നത്. ഈ സമയത്ത് അമിതമായ മാനസിക സമ്മർദമോ ജോലിഭാരമോ ഉണ്ടായാൽ ഈ ഹോർമോണുകൾ ഇരട്ടി പ്രഹരശേഷിയോടെ പ്രവർത്തിക്കും. ഇത് രക്തധമനികൾ ചുരുങ്ങുന്നതിനും ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്നതിനും കാരണമാകും. മാത്രമല്ല ധമനികളിൽ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിന്റെ പാളികൾ അടർന്നുമാറാനും സാധ്യതയുണ്ട്. ചുരുക്കത്തിൽ ഉയരുന്ന രക്തസമ്മർദവും രക്തം കട്ടപിടിക്കാനുള്ള പ്രവണതയും ഒത്തുചേരുമ്പോഴാണ് പുലർച്ചെ സമയം ഹൃദയാഘാതങ്ങൾ വ്യാപകമായി സംഭവിക്കുന്നത്. അതുകൊണ്ടാണ് ഉറക്കമുണർന്ന ഉടൻ തന്നെ ജോലികളിലേക്കോ ഫോണിലേക്കോ കടക്കാതെ ശരീരം ശാന്തമാകാൻ അരമണിക്കൂർ സമയം നൽകണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നത്.പരിശോധനകളിൽ പിഴവ് സംഭവിക്കുമോ?സാധാരണയായി ഇ.സി.ജി (ECG) പരിശോധനകളിൽ പലപ്പോഴും ഹൃദയധമനികളിലെ തടസ്സങ്ങൾ മുൻകൂട്ടി കാണിക്കണമെന്നില്ല. പ്രമേഹരോഗികളിൽ പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ ഇല്ലാതെ തന്നെ ഹൃദയാഘാതം സംഭവിക്കാം. ഹൃദയപേശികൾക്ക് നാശം സംഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ ട്രോപോണിൻ പോലുള്ള രക്തപരിശോധനകളാണ് കൂടുതൽ ഫലപ്രദം.അമിതമായ ക്ഷീണം, നേരിയ വേദന, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങൾ വെറും ജോലിഭാരം കൊണ്ടുള്ളതാണെന്ന് കരുതി അവഗണിക്കുന്നത് അപകടമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Exit mobile version