Site icon Newskerala

ഒരു ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കി; യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തി

കേരളത്തിലെ ഒരു ടെലിവിഷൻ ചാനല്‍ ഉടമ കോടികള്‍ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്ന് കെടിഎഫ് പ്രസിഡന്‍റ് ആര്‍.ശ്രീകണ്ഠൻ നായര്‍ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. യുട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നും പരാതി.

100 കോടി രൂപ ബാര്‍ക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം. കേരള ടെലിവിഷൻ ഫെഡറേഷന്‍റെ സംസ്ഥാന പ്രസിഡന്‍റ് എന്ന നിലക്കാണ് ശ്രീകണ്ഠൻ നായര്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയത്.

മലേഷ്യ, തായ്‍ലാൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 24 ന്യൂസാണ് ചാനൽ ഉടമയും ബാര്‍ക് ഏജൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. ബാര്‍ക് ഉദ്യോഗസ്ഥനും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്‍റെയും വാട്സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്. 24 ന്യൂസിന് നാലാം സ്ഥാനത്തേക്ക് പിന്തള്ളാൻ ആവശ്യപ്പെട്ടതായും രേഖകൾ പറയുന്നു.

മീഡിയവണാണ് ആദ്യം ബാര്‍ക് തട്ടിപ്പ് തുറന്നുകാട്ടിയത്. പിന്നാലെ ബാർക്കിൽ നിന്ന് മീഡിയവൺ പിന്മാറിയിരുന്നു. ബാർക് റേറ്റിങ് നിർണയം അശാസ്ത്രീയമെന്നായിരുന്നു കണ്ടെത്തൽ. പിന്നാലെ 24 ന്യൂസും ബാർക്കിൽ നിന്നും പിന്മാറിയിരുന്നു.

Exit mobile version