Site icon Newskerala

സ്വകാര്യ ആശുപത്രിയില്‍ വ്യാജ ഡോക്ടര്‍; ചികിത്സ നടത്തിയത് ആറുമാസം; ഉപയോഗിച്ചത് വ്യാജ എം.ബി.ബി.എസ്. സർട്ടിഫിക്കറ്റ്; അരീക്കോട് സ്വദേശി പിടിയിൽ..!

വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ചികിത്സ നടത്തിയ അരീക്കോട് സ്വദേശിയായ ഷംസീർ ബാബു (41) പിടിയിലായി. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ വളപട്ടണം പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.

കണ്ണൂർ പാപ്പിനിശ്ശേരിയിലെ എം.എ. ആശുപത്രിയിൽ ഇയാൾ ആറു മാസത്തോളം ജോലി ചെയ്തിരുന്നു. വ്യാജമായി നിർമ്മിച്ച എം.ബി.ബി.എസ്. സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇയാൾ പലയിടത്തും ചികിത്സ നടത്തിയിരുന്നത്.

രോഗികളോട് സൗഹൃദപരമായി പെരുമാറിയിരുന്ന ഷംസീറിൻ്റെ ചികിത്സ കാരണം ചിലരുടെ അസുഖം മാറിയത് ഇയാൾക്ക് പേരെടുക്കാൻ സഹായകമായി. ഇത് മുതലെടുത്താണ് ഇയാൾ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തത്.

ഷംസീറിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളാണ് വ്യാജ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാൻ കാരണമായത്. ലൈഫ് സോൺ മീഡിയ. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ പോലീസിൽ പരാതി നൽകിയത്. പരാതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാൾ പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു.

മംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിലും ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തതായി പറയുന്നുണ്ട്. സ്വന്തമായി ക്ലിനിക്ക് ഉൾപ്പെടെ നടത്തിയതായും വിവരമുണ്ട്. അന്വേഷണം ആരംഭിച്ചതോടെ ഒളിവിൽ പോയ ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Exit mobile version