Site icon Newskerala

ടൂത്പേസ്റ്റിലും ഇനോയിലും വ്യാജൻ; പിടികൂടിയത് 25,000 ട്യൂബുകൾ, ഞെട്ടലായി ഡെൽഹി റെയ്‌ഡ്

ന്യൂഡൽഹി: ഹിന്ദുസ്ഥാൻ യൂണിലിവർ ഉൽപ്പന്നങ്ങൾ വ്യാജമായി നിർമിച്ച് വിൽപ്പനക്കെത്തിക്കുന്ന വൻ റാക്കറ്റ് പിടിയിൽ. ഡൽഹി ജഗത്പൂരിലെ ഒരു വീട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന നിർമാണ കേന്ദ്രത്തിൽ നടന്ന പരിശോധനയിൽ ക്ലോസപ്പ് ടൂത്ത് പേസ്റ്റിന്റെ മാതൃകയിലുളള 25,000 ട്യൂബുകളും ഗ്യാസിന് കഴിക്കുന്ന ഇനോയടക്കം വിവിധ പേരുകളിൽ വ്യാജ ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് പൊലീസ് റെയ്ഡിൽ കുടുങ്ങിയത്. ഉൽപ്പന്നങ്ങൾ നിർമിക്കാനുള്ള അസംസ്‌കൃതവസ്തുക്കളും യന്ത്രങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന രാസപദാർഥങ്ങളടക്കം ഇവർ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വ്യാജ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന സംഘത്തെക്കുറിച്ച് ഹിന്ദുസ്ഥാൻ യൂണിലിവർ അധികൃതർ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. പിന്നാലെ നടന്ന പരിശോധനയിൽ സംഘം വലയിലാവുകയായിരുന്നു.

സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കേസിൽ കുടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ടെന്നും പരിശോധനകളും അന്വേഷണവും തുടരുമെന്നും പോലീസ് അറിയിച്ചു.

Exit mobile version