Site icon Newskerala

ചാക്ക് നിറയെ നാണയ തുട്ടുകളുമായി മകളുടെ ആഗ്രഹം സാധിക്കാൻ സ്കൂട്ടർ ഷോറൂമിലെത്തി പിതാവ്; കണ്ടു നിന്നവരുടെ കണ്ണ് നിറച്ച് ഛത്തീസ്ഗഡിൽ നിന്നൊരു രംഗം

റായ്പൂർ: ഇരുചക്ര വാഹന ഷോറൂമിൽ ഒരു ബാഗ് നിറയെ നാണയങ്ങളുമായി എത്തിയ ആളെ കണ്ട് ജീവനക്കാർ ഒന്ന് അമ്പരന്നു. ഛത്തീസ്ഗഢിലെ ജംഷദ്പൂരിലാണ് ഒരു പിതാവ് തന്‍റെ മകൾക്ക് സ്കൂട്ടർ വാങ്ങി നൽകുന്നതിന് ചില്ലറ തുട്ടുകളുമായെത്തിയത്. കർഷകനായ ബജ്റംഗ് റാമിന് ഒരു ലക്ഷം രൂപയുടെ സ്കൂട്ടർ എന്നതൊക്കെ സ്വപ്നം കാണാൻ കഴിയുമായിരുന്നില്ല. എന്നാൽ സ്നേഹത്തിന് മുന്നിൽ ഇതൊന്നും ഒരു തടസമായില്ല അദ്ദേഹത്തിന്. ഓരോ ദിവസവും തന്‍റെ തുഛമായ സമ്പാദ്യത്തിന്‍റെ ഒരു ചെറിയ തുക അയാൾ പെട്ടിയിൽ ശേഖരിക്കാൻ തുടങ്ങി. അങ്ങനെ ശേഖരിച്ച നാണയങ്ങൾ പെട്ടി നിറഞ്ഞപ്പോൾ റാം അവയെല്ലാം ചാക്കിൽ നിറച്ച് ഷോറൂമിലെത്തുകയായിരുന്നു. ചാക്കു നിറയെ നാണയ തുട്ടുകളുമായെത്തിയ റാമിനെ ഷോറൂം ഡയറക്ടർ സ്വീകരിച്ചിരുത്തിയ ശേഷം ജീവനക്കാർ നാണയങ്ങൾ ഓരോന്നായി എണ്ണാൻ തുടങ്ങി. എണ്ണി തീരുമ്പോൾ 40,000 രൂപ മാത്രമേ ചാക്കിൽ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് സ്കൂട്ടർ വാങ്ങുന്നതിനുള്ള ബാക്കി തുകക്ക് വായ്പ അനുവദിച്ചു നൽകി. അങ്ങനെ പുത്തൻ സ്കൂട്ടറിന്‍റെ താക്കോൽ കൈമാറി തന്‍റെ മകളുടെ ആഗ്രഹം സാധിച്ച് റാം മടങ്ങുകയും ചെയ്തു.

Exit mobile version