Site icon Newskerala

തിരുവനന്തപുരം കോർപറേഷനിൽ തീപാറും,ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; മേയർ ആര്യ രാജേന്ദ്രൻ പട്ടികയിലില്ല

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ തിയതി​ സംസ്ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ പ്രഖ്യാപിച്ചതിന് പിന്നാലെ തിരുവനന്തപുരം കോർപറേഷനിലെ സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് എൽ.ഡി.എഫ്. ഘടകകക്ഷികളുടേത് അടക്കം 93 സീറ്റുകളിലെ സ്ഥാനാർഥികളെയാണ് തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയ് ഇന്ന് പ്രഖ്യാപിച്ചത്. അതേസമയം, നിലവിലെ മേയർ ആര്യ രാജേന്ദ്രന്‍റെ പേര് ആദ്യ പട്ടികയിലില്ല. ആകെയുള്ള 101 സീറ്റിൽ 70 സീറ്റിൽ സി.പി.എമ്മും 31 സീറ്റുകളിൽ ഘടകകക്ഷികളും മത്സരിക്കും. സി.പി.ഐ-17, ജനതാദൾ എസ് -2, കേരള കോൺഗ്രസ് എം -3, ആർ.ജെ.ഡി -3 എന്നിങ്ങനെയാണ് മുന്നണിയിലെ സീറ്റ് വിഭജനം. എട്ട് സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കും. 30 വയസിൽ താഴെയുള്ള 13 പേർ പട്ടികയിൽ ഇടംപിടിച്ചു. ഡിസംബര്‍ ഒമ്പത്, 11 തീയതികളിലായി രണ്ട് ഘട്ടങ്ങളായാണ് കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളാണ്​ ഒന്നാംഘട്ടമായ ഡിസംബർ ഒമ്പതിന് ബൂത്തിലേക്ക് പോവുക. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകൾ രണ്ടാം ഘട്ടത്തിലും. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും. കഴിഞ്ഞ തവണ മൂന്ന്​ ഘട്ടമായിരുന്നു. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇതോടെ സംസ്ഥാനത്ത്​ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും ഇത്​ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങൾക്കും ബാധകമായിരിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജാഹാൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്ന 14 മുതല്‍ സ്ഥാനാർഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ച്​ തുടങ്ങാം. പത്രിക സമര്‍പ്പണത്തിനുള്ള അവസാന തീയതി നവംബര്‍ 21​. പത്രികകളുടെ സൂക്ഷ്​മ പരിശോധന നവംബര്‍ 22ന് നടക്കും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24​. നടപടിക്രമങ്ങൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ ഡിസംബർ 21ന്​ നിലവിൽ വരും. നിലവിലെ ഭരണസമിതി കാലയളവ് ഡിസംബർ 20ന് അവസാനിക്കും. കാലാവധി പൂര്‍ത്തിയായിട്ടില്ലാത്ത മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഒഴികെയുള്ള 1199 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. മട്ടന്നൂരിലെ ഭരണകാലാവധി അവസാനിക്കുന്നത് 2027ലാണ്. തദ്ദേശ സ്ഥാപനങ്ങളിൽ 21,900 വാർഡുകൾ ഉണ്ടായിരുന്നത്​ വിഭജനത്തിനുശേഷം 23,612 ആയി വർധിച്ചു. ഇതിൽ മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ 36 വാർഡുകൾ ഒഴികെ 23,576 വാർഡുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ്​ നടക്കുക. തെരഞ്ഞെടുപ്പിന്​ വേണ്ടി 33,746 പോളിങ് സ്‌റ്റേഷനുകളാണ്​ ഒരുക്കിയിട്ടുള്ളത്​. പ്രശ്ന ബാധിത ബൂത്തുകളിലേക്കടക്കം 70,000 പൊലീസുകാരെ വിന്യസിക്കും. 1249 റിട്ടേണിങ് ഓഫിസര്‍മാരടക്കം രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും. പൂർണമായും ഹരിതചട്ടം പാലിച്ച്​ തെരഞ്ഞെടുപ്പ്​ നടത്തണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്​. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂർ വേളയിൽ മദ്യനിരോധനം ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിവസവും മദ്യനിരോധനം ഉണ്ടാകും. വോട്ടെടുപ്പ് ദിവസം എല്ലാ സർക്കാർ, പൊതുമേഖലാ ജീവനക്കാർക്കും നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും.

Exit mobile version