തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വനം വകുപ്പിൻ്റെ മുന്നറിയിപ്പ്. വന്യജീവികളുടെ ഫോട്ടോ എടുക്കാൻ ബസ് നിർത്തരുതെന്നാണ് മുന്നറിയിപ്പ്. ഇനിയും ആവർത്തിച്ചാൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുക്കുമെന്നും ചാലക്കുടി എടിഒക്ക് ഷോളയാർ റേഞ്ച് ഓഫീസർക്ക് നൽകിയ കത്തിൽ. മലക്കപ്പാറ റൂട്ടിൽ ആനയുൾപ്പെടെ റോഡിൽ ഇറങ്ങുമ്പോൾ ബസ് അടുത്ത് കൊണ്ട് നിർത്തരുത്. ജീവനക്കാരെ ഇതിൽ നിന്ന് കെഎസ്ആർടിസി പിന്തിരിപ്പിക്കണമെന്നും റേഞ്ച് ഓഫീസർ. കെഎസ്ആർടിസി ബസുകൾ ഗുരുതരമായ നിയമ ലംഘനം നടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും വന്യമൃഗങ്ങളെ കാണുമ്പോൾ കാഴ്ച്ചയിൽ നിന്നും മറയുന്നത് വരെ റോഡിൽ ബസ് നിർത്തിയിടുന്ന പ്രവണത കണ്ടുവരുന്നെന്നും ഉത്തരവിൽ പറയുന്നു. വന്യ മൃഗങ്ങൾക്കരികിൽ ബസ് നിർത്തുന്നത് മൃഗങ്ങളെ പ്രകോപിപ്പിക്കുകയും അവയെ അക്രമാസക്തമാകുകയും ചെയ്യും. ഇത് ബസിലുള്ള യാത്രകാരുടെ ജീവൻ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഗതാകത തടസ്സം ശൃഷ്ടിക്കുമെന്നും വനം വകുപ്പിൻ്റെ മുന്നറിയിപ്പ് നൽകുന്നു. മലക്കപ്പാറയിൽ കാട്ടാനയെ യാത്രക്കാർ പ്രകോപിപ്പിക്കുന്നതിനെ തുടർന്ന് വലിയ പ്രശ്നങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. അന്തർസംസ്ഥാന പാതയിൽ നിലയുറപ്പിച്ച ‘കബാലി’ എന്ന കാട്ടാനയെ വാഹനം ഇടിപ്പിച്ച് പ്രകോപിപ്പിക്കാനാണ് ശ്രമം നടന്നത്. ഹോൺ മുഴക്കുകയും ആനയുടെ അടുത്തേക്ക് വണ്ടി ഓടിച്ച് പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.


