മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി കൈകോർത്ത് റിലയൻസും ഗൂഗിളും. റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്കായി ഗൂഗിള്‍ എഐ പ്രോ സബ്‌സ്‌ക്രിപ്ഷന്‍ ഇനി സൗജന്യമായി നല്‍കും. ഗൂഗിളും റിലയന്‍സ് ഇന്റലിജന്‍സും ചേര്‍ന്നാണ് ഗൂഗിള്‍ ജെമിനൈയുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ എഐ പ്രോ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. 18 മാസത്തേക്കാണ് ഈ സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുക. ഗൂഗിളിന്റെ ഏറ്റവും മികവുറ്റ ജെമിനൈ 2.5 പ്രോ മോഡലിലേക്കുള്ള ആക്സസ്, നാനോ ബനാന, വിയോ 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി നോട്ട്ബുക്ക് എല്‍എമ്മിലേക്കുള്ള പ്രവേശനം, 2 ടിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനൊപ്പം ലഭ്യമാകും. 18 മാസത്തെ ഈ ഓഫറിന് 35,100 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്. യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ മൈ ജിയോ ആപ്പിലൂടെ എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. തുടക്കത്തില്‍ 18 മുതല്‍ 25 വയസ് വരെയുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. പിന്നീട് എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.


