മാനേജരെയടക്കം തോക്കിൻമുനയിൽ നിർത്തി ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലെ ഒരു സ്വകാര്യ ബാങ്കിൽ നിന്ന് ഒരാൾ 40 ലക്ഷം രൂപ കവർന്നു കടന്നു കളഞ്ഞു. ഷാംലിയിലെ ധീമൻപുരയിലുള്ള ആക്‌സിസ് ബാങ്ക് ശാഖയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കസ്റ്റമർ എന്ന വ്യാജേനയാണ് ഇയാൾ ബാങ്കിലെത്തിയത്. തുടർന്ന് ലോൺ കുടിശ്ശികയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാനേജരുടെ അടുത്ത് എത്തിയതത്രെ. താൻ 38.5 ലക്ഷം രൂപ വായ്‌പയെടുത്തതിന്റെ തിരിച്ചടവ് മുടങ്ങിയെന്നും അതിനാൽ തൻ്റെ സ്വത്ത് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നുമാണ് ഇയാൾ ക്യാബിനിലെത്തിയ ശേഷം പറഞ്ഞത് എന്നാണ് ആക്‌സിസ് ബാങ്ക് മാനേജർ നവീൻ ജെയിൻ പറഞ്ഞത്. പിന്നീട്, തന്റെ ബാഗിൽ ഒരു ആത്മഹത്യാക്കുറിപ്പും തോക്കും ഉണ്ട്, അതുകൊണ്ട് എത്രയും പെട്ടെന്ന് തനിക്ക് അവിടെയുള്ള പണം തരണമെന്നും ഇയാൾ മാനേജരെ ഭീഷണിപ്പെടുത്തി. അതോടെ ഭയന്നുപോയ മാനേജർ കാഷ്യറായ രോഹിത്തിനെ വിളിക്കുകയും പണം ഇയാൾക്ക് കൈമാറാൻ ആവശ്യപ്പെടുകയും ചെയ്തു. പണം കിട്ടിയ ഉടനെ തന്നെ യുവാവ് തന്റെ ബൈക്കിൽ അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 40 ലക്ഷം രൂപ നൽകാനാണ് വന്നയാൾ ആവശ്യപ്പെട്ടത്. അത് നൽകിയില്ലെങ്കിൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി മാനേജർ നവീൻ ജെയിൻ പൊലീസിനോട് പറഞ്ഞു. ജയിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ബാങ്ക് ജീവനക്കാരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് സൂപ്രണ്ട് രാം സേവക് ഗൗതം പറഞ്ഞു.