Site icon Newskerala

മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ചു’; 24കാരനെ ജ്യേഷ്ഠനും സുഹൃത്തുക്കളും കാറിനുള്ളില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു

ബംഗളൂരു: ബംഗളൂരുവിൽ 24കാരനെ മൂത്ത സഹോദരന്‍ കൊലപ്പെടുത്തി മൃതദേഹം തടാകത്തിലേക്ക് വലിച്ചെറിഞ്ഞു.കലബുറഗി ജില്ലക്കാരനായ ധനരാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്‍റെ മൂത്ത സഹോദരന്‍ ശിവരാജ് (28), സുഹൃത്തുക്കളായ സന്ദീപ് (24), പ്രശാന്ത് (26) എന്നിവരുമായി ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.ധനരാജ് സ്ഥിരം കുറ്റവാളിയായിരുന്നുവെന്നും സ്വന്തം മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കുമെന്നും പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ധനരാജ് മാതാപിതാക്കളോടൊപ്പം സ്വന്തം ജില്ലയിലാണ് താമസിച്ചിരുന്നത്. സഹോദരന്‍ ശിവരാജ് ബംഗളൂരുവില്‍ ടാക്സി ഡ്രൈവറാണ് . ഒന്നിലധികം മോഷണങ്ങൾ, മദ്യപാനം, ആക്രമണം തുടങ്ങിയ നിരവധി കേസുകളില്‍ ധനരാജ് പ്രതിയായിരുന്നുവെന്നും അതില്‍ തനിക്ക് ഏറെ വിഷമമുണ്ടായിരുന്നുവെന്നും ശിവരാജ് പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളെ ആക്രമിക്കുന്നത് ചോദ്യം ചെയ്തതിന് തന്നെയും ആക്രമിച്ചെന്നും ശിവരാജ് മൊഴി നല്‍കിയിട്ടുണ്ട്. ധനരാജിന്റെ മോഷണങ്ങളെക്കുറിച്ച് അയൽക്കാരും ഇടയ്ക്കിടെ പരാതിപ്പെട്ടിരുന്നു.അയല്‍ക്കാരുടെ മൊബൈൽ ഫോണുകളും കന്നുകാലികളും ഇയാള്‍ മോഷ്ടിച്ചെന്നും പരാതിയുണ്ട്. വീട്ടിലെ തുടർച്ചയായ പീഡനം സഹിക്കവയ്യാതെയാണ് ശിവരാജ് സഹോദരനെ കൊല്ലാൻ തീരുമാനിച്ചത്.ജോലി കണ്ടെത്താന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ഈ മാസം രണ്ടിന് ധനരാജിനെ ശിവരാജ് ബംഗളൂരുവിലേക്ക് വിളിച്ചുവരുത്തിയത്. ബന്നാർഘട്ട-നൈസ് റോഡിൽ നിന്നാണ് ശിവരാജിനെ കാറില്‍ പ്രതികളായ മൂന്നുപേരും കൂട്ടിക്കൊണ്ടുപോയത്. ധനരാജ് മുൻ സീറ്റിലായിരുന്നു. മൊബൈൽ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ സന്ദീപും പ്രശാന്തും ചേർന്ന് അദ്ദേഹത്തെ പിന്നിൽ നിന്ന് പിടിച്ചുവെക്കുകയും ശിവരാജ് വടിവാളുകൊണ്ട് കഴുത്തിന് വെട്ടുകയും ചെയ്തു.കാറിനുള്ളില്‍വെച്ച് തന്നെ ധനരാജ് കൊല്ലപ്പെട്ടു. അവർ മൃതദേഹം ബന്നാർഘട്ട-കഗ്ഗലിപുര റോഡിലെ തടാകത്തില്‍ ഉപേക്ഷിച്ചു. ഇലക്ട്രോണിക് സിറ്റി-നൈസ് റോഡിന് സമീപം കാറിന്റെ ഫ്ലോർ മാറ്റും വെട്ടുകത്തിയും ഉപേക്ഷിച്ചു. നവംബര്‍ ആറിന് അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയെങ്കിലും തൊട്ടടുത്തുള്ള സ്വകാര്യ കമ്പനിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. കാർ നിർത്തി മൃതദേഹം ഉപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.വാഹന നമ്പർ പിന്‍തുടർന്ന് ബന്നാർഘട്ട പൊലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. കൊലപാതകക്കുറ്റം ചുമത്തി പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Exit mobile version