Site icon Newskerala

എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് പന്തയം വെച്ചു നാണം കെട്ടു; ഒടുവിൽ ഭരണവും പോയി, മീശയും പോയി

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം മുന്നണിയും സ്ഥാനാർഥിയും ജയിക്കുമെന്ന് പന്തയം വച്ച എൽഡിഎഫ് പ്രവർത്തകന് ഫലം വന്നപ്പോൾ മീശ പോയി. പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ പ്രവർത്തകനായ ബാബു വർ​ഗീസിനാണ് പന്തയം വച്ച് മീശ നഷ്ടമായത്. മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് അധികാരം കിട്ടിയില്ലെങ്കിൽ മീശ വടിക്കുമെന്നായിരുന്നു ബാബു വർ​ഗീസ് പന്തയം വച്ചത്.എന്നാൽ പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ 17 സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുകയായിരുന്നു. 12 സീറ്റുകളാണ് എൽഡിഎഫിന് നേടാനായത്. ഇതോടെയാണ് ബാബു വാർ​ഗീസ് വാക്ക് പാലിച്ചത്. പന്തയം വച്ച യുഡിഎഫ് പ്രവർത്തകരുമായി നാട്ടിലെ ഒരു കടയ്ക്ക് മുന്നിലെത്തി കസേരയിൽ ഇരിപ്പുറപ്പിച്ചു. തുടർന്ന് ബാർബർ മീശ വടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പന്തയത്തിൽ വിജയിച്ചവർ തന്നെ മൊബൈലിൽ പകർത്തുകയും ചെയ്തു. പത്തനംതിട്ട കൂടാതെ, ജില്ലയിലെ മറ്റ് രണ്ട് മുനിസിപ്പാലിറ്റികൾ കൂടി യുഡിഎഫ് പിടിച്ചു. തിരുവല്ലയും അടൂരുമാണ് യുഡിഎഫ് നേടിയത്. അതേസമയം, പന്തളം ബിജെപിയിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തു.ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് തേരോട്ടമാണുണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എട്ടില്‍ ആറ് ബ്ലോക്ക് എല്‍ഡിഎഫിനൊപ്പമായിരുന്നെങ്കിൽ ഇത്തവണ അതിൽ ഏഴെണ്ണവും യുഡിഎഫ് പിടിച്ചെടുത്തു. പഞ്ചായത്തുകളിൽ 34 എണ്ണമാണ് യുഡിഎഫ് ഇത്തവണ പിടിച്ചത്. എല്‍ഡിഎഫ് 11ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ തവണ 18ല്‍ പഞ്ചായത്തുകൾ മാത്രമായിരുന്നു യുഡിഎഫിനൊപ്പം.

Exit mobile version