തിരുവനന്തപുരം: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹരജി സമർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുൻകൂര്‍ ജാമ്യ ഹരജി നാളെ പരിഗണിക്കുന്നത് അടച്ചിട്ട മുറിയിലാകണമെന്നും സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെട്ടാണ് പുതിയ ഹരജി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ഹരജി നൽകിയത്.ഇന്നലെ തനിക്കെതിരായ ബലാത്സംഗ പരാതിയിൽ പരാതിക്കാരിക്കെതിരെ കൂടുതൽ തെളിവുകൾ രാഹുൽ കോടതിയിൽ സമർപ്പിച്ചിരുന്നു. ഫോട്ടോകൾ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളുടെ ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്, ഫോൺ സംഭാഷണങ്ങളുടെ റെക്കോഡ് എന്നിവയാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചത്. പെൻഡ്രൈവിൽ ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ ആധികാരികമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനാണ് ഹാഷ് വാല്യൂ സർട്ടിഫിക്കറ്റ്.നാളെയാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്നതിന് ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും.അതേസമയം, പ്രത്യേക അന്വേഷണ സംഘം ഇന്നും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സി.സി.ടി.വി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന സൂചനയെ തുടർന്നാണ് മൊഴിയെടുത്തത്.ഒളിവിൽ പോയ എം.എൽ.എയെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമായി തുടരുകയാണ്. തമിഴ്നാട് – കർണാടക അതിർത്തികളിലടക്കം പൊലീസ് തിരച്ചിൽ തുടരുകയാണ്. രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുകയാണെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയത് ചുവന്ന കാറിലായിരുന്നു. സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ട ശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്. നമ്പർ പരിശോധിച്ചപ്പോൾ, കാർ സിനിമാ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

