മസ്കത്ത്: ഒമാനിൽ മനുഷ്യക്കടത്ത് കേസുകളില്‍ ഇരകളാകുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്താൽ കനത്ത പിഴയും തടവുമെന്ന് മുന്നറിയിപ്പ്. ഒരു വർഷം തടവോ 300 റിയാൽ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ പറയുന്നത്. ദേശീയ സമിതി ജൂലൈയിൽ ആരംഭിച്ച ‘അമാൻ’ കാമ്പെയ്‌നിനെ തുടർന്നാണ് വിശദീകരണം മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം വർധിപ്പിക്കുക, പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഇരകളെ പിന്തുണയ്ക്കുക,തുടങ്ങിയവയാണ് കാമ്പയിന്റെ ലക്ഷ്യം. ഒരു സ്ഥാപനം കുറ്റകൃത്യം ചെയ്താൽ, ഉടമക്ക് കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടെന്ന് തെളിഞ്ഞാൽ ഇതേ ശിക്ഷകൾ നേരിടേണ്ടിവരും. 10,000 റിയാൽ മുതൽ 1,00,000 റിയാൽ വരെ പിഴ ഈടാക്കാം. നിയമപരമായ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായോ ഭാഗികമായോ ഒരു വർഷം വരെ പിരിച്ചുവിടാനോ താൽക്കാലികമായി നിർത്തിവയ്ക്കാനോ കോടതികൾക്ക് ഉത്തരവിടാം. വ്യവസ്ഥ സ്ഥാപനത്തിന്റെ ശാഖകൾക്കും ഒരുപോലെ ബാധകമാണെന്നും മുന്നറിയിപ്പിൽ പറയുന്നു.


