ഹൈകോടതി വിധി: എസ്.എഫ്.ഒ സ്ഥാനക്കയറ്റം നേടിയവർ തരംതാഴ്ത്തപ്പെട്ടേക്കും
തിരുവനന്തപുരം: ഉദ്യോഗക്കയറ്റത്തിന് വകുപ്പുതല പരീക്ഷ പാസാകണമെന്ന ഹൈകോടതി ഉത്തരവ് വന്നതോടെ വനംവകുപ്പിൽ 2014ന് മുമ്പ് ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായി (ബി.എഫ്.ഒ) പ്രവേശിച്ച് ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം നേടിയവർ തരംതാഴ്ത്തപ്പെട്ടേക്കും. വകുപ്പുതല പരീക്ഷ പാസാകാതെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായി (എസ്.എഫ്.ഒ) തുടരുന്നവർക്കാണ് തിരിച്ചടി. സ്ഥാനക്കയറ്റത്തോടെ വാങ്ങിയ അധിക ശമ്പളവും മടക്കിനൽകേണ്ടി വരുമെന്നാണ് സൂചന. അതേസമയം, ചട്ടവിരുദ്ധമായി തുടരുന്നവരെ സഹായിക്കാൻ ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് പുതിയ സ്പെഷൽ റൂൾസ് (ഭേദഗതി) ചെയ്യാനുള്ള നീക്കം വനംവകുപ്പിന്‍റെ ഉദ്യോഗസ്ഥവിഭാഗം തുടങ്ങിയെന്നറിയുന്നു. കേരള ഫോറസ്റ്റ് സബോർഡിനേറ്റ് സർവിസ് സ്പെഷൽ റൂൾസ് പ്രകാരം ബി.എഫ്.ഒമാരുടെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പ്രമോഷന് വകുപ്പുതല പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിനൊപ്പം ഫോറസ്റ്റ് ആക്ട്, ഫോറസ്റ്റ് കോഡ്, മാന്വൽ ഓഫ് ഓഫിസ് പ്രൊസീജ്വർ എന്നീ വിഷയങ്ങൾ പാസാകണമെന്നും വ്യക്തമാക്കുന്നു. എന്നാൽ ഈ മാനദണ്ഡങ്ങൾ നടപ്പാക്കുന്നതിൽ വനംവകുപ്പ് നിസ്സംഗത കാട്ടുന്നുവെന്നാണ് ആക്ഷേപം. എന്നാൽ, കോടതി വിധി ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നും അത് പരിശോധിച്ചശേഷം ഉചിതമായ തീരുമാനം ഉണ്ടാകുമെന്നുമാണ് വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചത്. 2003ൽ സൂപ്പർ ന്യൂമറിയായി സ്പെഷൽ റിക്രൂട്ട്മെന്‍റ് മുഖേന നിയമിക്കപ്പെട്ട 300ഓളം ബി.എഫ്.ഒമാരാണ് വകുപ്പുതല പരീക്ഷ പാസാകാതെ എസ്.എഫ്.ഒമാരായി തുടരുന്നത്. 14 വർഷത്തിനിടെ ഏതാണ്ട് 700ലധികം പേരെങ്കിലും ഇത്തരത്തിൽ സ്ഥാനക്കയറ്റം നേടിയിട്ടുണ്ടത്രേ. എന്നാൽ വകുപ്പുതല പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയ ബി.എഫ്.ഒമാർക്ക് അർഹതപ്പെട്ട പ്രമോഷൻ വർഷങ്ങളായി നിഷേധിക്കപ്പെടുകയുമാണ്.