അലനല്ലൂർ: കോട്ടോപ്പാടം കച്ചേരിപറമ്പിൽ എടത്തൊടി സുരേന്ദ്രന്റെ വീട് തകർന്നു. വ്യാഴാഴ്ച രാവിലെ എട്ടോടെയായിരുന്നു സംഭവം. ബുധനാഴ്ചയും വ്യാഴാഴ്ച പുലർച്ചെയുമുണ്ടായ മഴയെ തുടർന്നാണ് തകർന്നതെതെന്ന് കരുതുന്നു. വീടിന്റെ മേൽക്കൂരയിലെ കഴുക്കോൽ പൊട്ടുന്ന ശബ്ദം കേട്ടയുടൻ കുടുംബനാഥൻ ഭാര്യയോടും മക്കളോടും പുറത്തേക്ക് ഓടി രക്ഷപ്പെടാൻ പറഞ്ഞു. ബെഡ്റൂമിൽ കിടക്കുന്ന സുരേന്ദ്രൻ വീട് തകരുന്ന സമയത്ത് പുറത്തേക്ക് ഓടാൻ കഴിയാതെ ചുമരിൽ ചാരി നിന്ന് രക്ഷപ്പെട്ടു. അടുക്കളയിലായിരുന്ന ഭാര്യ ജയശ്രീയും സ്കൂളിലേക്ക് പുറപ്പെടുകയായിരുന്ന മക്കൾ അജന്യ, അജേന്ദ്ര എന്നിവരും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മൂത്തമകൻ അഭിരാജ് വീട് തകരും മുമ്പ് കോളജിലേക്ക് പോയിരുന്നു. വീടിന് സമീപം നിർത്തിയിട്ട മോട്ടോർ സൈക്കിളിൽ ചുമരിന്റെ ഭാഗം അടർന്നുവീണ് ബൈക്ക് തകർന്നിട്ടുണ്ട്. ടാപ്പിങ് തൊഴിലാളിയായ സുരേന്ദ്രൻ 20 വർഷം മുമ്പ് നിർമിച്ച വീടാണിത്. വീട്ടിലെ ഫർണിച്ചറും ഗൃഹോപകരണങ്ങളും മറ്റും നശിച്ചു. വില്ലേജ് ഓഫിസർ, ഗ്രാമപഞ്ചായത്തംഗം കെ.ടി. അബ്ദുല്ല എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. വീട് പൂർണമായും തകർന്നതിനാൽ എവിടെ താമസിക്കും എന്ന ആശങ്കയിലാണ് വീട്ടുകാർ.


