ഭോപ്പാൽ: വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയുടെ മൂക്ക് മുറിച്ച ഭർത്താവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലാണ് സംഭവം. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭർത്താവ് രാകേഷ് ബിൽവൽ മൂക്ക് അറുത്തുമാറ്റിയത്. റാണാപുർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാദൽവ ഗ്രാമത്തിലായിരുന്നു സംഭവം. ജോലി ആവശ്യത്തിനായി രാകേഷും 22കാരിയായ ഭാര്യയും ഗുജറാത്തിൽ പോയിരുന്നു. തിരികെ നാട്ടിലെത്തിയ യുവതിക്ക് ഭർത്താവിൽ നിന്ന് നേരിടേണ്ടി വന്നത് കൊടുംക്രൂരതയായിരുന്നു. ഗുജറാത്തിൽ നിന്ന് മടങ്ങിയെത്തിയ ദമ്പതികൾക്ക് ഇടയിൽ തർക്കം രൂക്ഷമായതിനെ തുടർന്ന് ചൊവ്വാഴ്ച ഝാബുവ ജില്ലയിലെ പാദൽവ എന്ന സ്വന്തം ഗ്രാമത്തിലേക്ക് ഇരുവരും മടങ്ങി. വിവാഹമോചനം ആവശ്യപ്പെട്ടതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത് എന്ന് യുവതി പരാതിയിൽ പറയുന്നു. വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിക്കാമെന്ന് ഭർത്താവ് ഉറപ്പു നൽകിയിരുന്നെങ്കിലും, വീട്ടിലെത്തിയ ഉടൻ തന്നെ വടി കൊണ്ട് തല്ലാൻ തുടങ്ങിയെന്നും പിന്നീട് ബ്ലേഡ് ഉപയോഗിച്ച് മൂക്ക് മുറിച്ചു മാറ്റുകയായിരുന്നെന്നും യുവതി പറയുന്നു. ആക്രമണം നടക്കുമ്പോൾ മകൻ ഇതെല്ലാം കണ്ട് ഉറക്കെ നിലവിളിച്ചിട്ടും ഭർത്താവ് ആക്രമണം തുടർന്നെന്നും യുവതി പറഞ്ഞു. ഭർത്താവിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. മുറിഞ്ഞുപോയ മൂക്കിന്റെ ഭാഗം കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. സംഭവസ്ഥലത്ത് വെച്ച് അത് മൃഗങ്ങൾ ഭക്ഷിച്ചതാവാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്രൂരകൃത്യം ചെയ്ത ശേഷം ഭർത്താവായ രാകേഷ് പരിക്കേറ്റ ഭാര്യയെ റാണാപൂർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് യുവതിയെ പിന്നീട് ഝാബുവ ജില്ലാ ആശുപത്രിയിലേക്ക് തുടർ ചികിത്സയ്ക്കായി മാറ്റി.


