ഭർത്താവ് അത്താഴം തയ്യാറാക്കിത്തരുന്നില്ല, വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ
വിവിധങ്ങളായ കാരണങ്ങളാൽ ദമ്പതികൾ പിരിയാറുണ്ട്. അതിൽ തന്നെ കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നുന്ന ചില കാരണങ്ങളാലും ദമ്പതികൾ ചിലപ്പോൾ വിവാഹമോചനത്തിന് ആവശ്യപ്പെടാറുണ്ട്. അങ്ങനെ ഒരു സംഭവമാണ് ഇപ്പോൾ ബ്രിട്ടനിൽ നിന്നും ചർച്ചയാവുന്നത്. ഭർത്താവ് നേരത്തെ വാഗ്ദ്ധാനം ചെയ്തതുപോലെ അത്താഴം തയ്യാറാക്കി വയ്ക്കാത്തതിനെ തുടർന്ന് ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടുവത്രെ. ഇന്നത്തെ പല ദമ്പതികളും വിവാഹം കഴിക്കുമ്പോൾ തന്നെ വീട്ടിൽ ചെയ്യേണ്ടുന്ന കാര്യങ്ങളെ കുറിച്ച് പരസ്പരധാരണയിൽ എത്താറുണ്ട്. പ്രത്യേകിച്ചും ദമ്പതികൾക്ക് രണ്ടുപേർക്കും ജോലിയുണ്ടെങ്കിൽ. അതുപോലെ ഈ സംഭവത്തിൽ ഭാര്യയും ഭർത്താവും നേരത്തെ തന്നെ ചില കാര്യങ്ങളിലെല്ലാം ഒരു ധാരണയിൽ എത്തിയിരുന്നു. അത് പ്രകാരം ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകുകയാണെങ്കിൽ അത്താഴം തയ്യാറാക്കി വയ്ക്കാം എന്ന് ഭർത്താവ് സമ്മതിച്ചിരുന്നു. എന്നാൽ, ഭാര്യ വരുമ്പോഴേക്കും ഭർത്താവ് അത്താഴം തയ്യാറാക്കി വയ്ക്കുന്നില്ലെന്ന് കാണിച്ചാണ് വിവാഹമോചനത്തിന് ഭാര്യ ആവശ്യപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഇയാൾ വീട്ടിലെ കാര്യങ്ങളിലൊന്നും തന്നെ സഹായിക്കുന്നില്ല എന്നും ഭാര്യ പറയുന്നു. താൻ 12 മണിക്കൂർ ജോലി ചെയ്ത് തിരികെ എത്തുമ്പോഴേക്കും ഭർത്താവ് പറഞ്ഞതുപോലെ ഭക്ഷണം തയ്യാറാക്കി വയ്ക്കുന്നില്ല. വിശന്ന് വീട്ടിലെത്തുമ്പോൾ കഴിക്കാൻ ഒന്നുമുണ്ടാകില്ല. ഭർത്താവ് അപ്പോൾ ഒന്നുകിൽ ഉറങ്ങുകയായിരിക്കും അല്ലെങ്കിൽ യൂട്യൂബിൽ എന്തെങ്കിലും കണ്ടുകൊണ്ടിരിക്കും എന്നും ഇവർ പറയുന്നു. തീർന്നില്ല, അവസാനം താൻ ജോലിക്ക് പോകുമ്പോൾ തന്നെ തനിക്ക് രാത്രിക്ക് കഴിക്കാനുള്ളത് കൂടി ഉണ്ടാക്കിവച്ചിട്ട് പോകാൻ തുടങ്ങി എന്നാണ് ഭാര്യ പറയുന്നത്. എന്നാൽ, രാത്രി തിരികെ എത്തുമ്പോഴേക്കും അതും ഭർത്താവ് കഴിക്കും എന്നും ഭാര്യ പറയുന്നുണ്ട്. ഇതെല്ലാം കാണിച്ചാണ് ഇവർ വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് മിറർ ഓൺലൈൻ എഴുതുന്നത്.