‘
ഭോപാല്‍: ജോലിക്ക് പോകാത പബ്ജി കളിച്ചിരിക്കുന്നത് ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ്. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് നടുക്കുന്ന സംഭവം. ജോലിക്ക് പോകാതെ മണിക്കൂറുകളോളം പബ്ജി കളിച്ചിരിക്കുന്നത് ചോദ്യം ചെയ്തതിലുള്ള അരിശമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രി ഒരു തുണിക്കഷ്ണം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും വിവാഹിതരായിട്ട് ആറ് മാസമായതേ ഉള്ളൂവെന്നാണ് പൊലീസ് ഭാഷ്യം. കുറ്റാരോപിതനായ രഞ്ചിത്ത് പട്ടേല്‍ പബ്ജി ഗെയിമിനോട് ആസക്തിയുള്ളയാളായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മണിക്കൂറുകളോളം ഗെയിം കളിക്കുന്നതിനെ ചൊല്ലി ദമ്പതികള്‍ നിരന്തരമായി തര്‍ക്കിക്കാറുണ്ടെന്നും ഇതില്‍ അരിശം പൂണ്ടാണ് കൊലപാതകമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ നേഹയുടെ സഹോദരനെ വിവരമറിയിക്കുകയായിരുന്നു. സഹോദരി കൊല്ലപ്പെട്ടെന്നും എത്രയും വേഗം അവളെ കൊണ്ടുപോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ കാണുന്നത് ചേതനയറ്റ ശരീരം. പിന്നാലെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.കൊലപാതകമാണെന്ന് സ്ഥിരീകരിച്ചുവെന്നും കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഡിഎസ്പി ഉദ്ദിത് മിശ്ര അറിയിച്ചു. ‘വീട്ടിനകത്ത് കഴുത്ത് ഞെരിയിക്കപ്പെട്ട നിലയിലാണ് മൃതദേഹം ഞങ്ങള്‍ കണ്ടെത്തിയത്. പബ്ജി ഗെയിമിനോടുള്ള ആസക്തി ചോദ്യം ചെയ്തത് ഇഷ്ടപ്പെടാത്തതാണ് കൊലപാതക കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയായിരുന്നു. എത്രയും വേഗം മൊഴി രേഖപ്പെടുത്തും .’ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. പ്രതിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.


