Site icon Newskerala

രഹസ്യമായി ഫോൺ ഉപയോ​ഗിച്ചു; യുപിയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കുഴിച്ചുമൂടി ഭർത്താവ്

ലഖ്നൗ: രഹസ്യമായി ഫോൺ ഉപയോ​ഗിച്ചതിന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് വീടിന് പിന്നിൽ കുഴിച്ചുമൂടി ഭർത്താവ്. ഉത്തർപ്രദേശിലെ ​ഗോരഖ്പൂരിലാണ് സംഭവം. കൊലപാതകം പിന്നീട് ആത്മഹത്യയായി വരുത്തിത്തീർക്കാൻ ശ്രമിച്ച പ്രതി കള്ളി വെളിച്ചത്തായതോടെ അറസ്റ്റിലായി. ​ഗോരഖ്പൂർ സ്വദേശി അർജുനാണ് ഭാര്യ ഖുഷ്ബുവിനെ കൊലപ്പെടുത്തിയത്. ഡിസംബർ 21നായിരുന്നു കൊലപാതകം. ലുധിയാനയിൽ ജോലി ചെയ്യുന്ന അർജുൻ സംഭവദിവസം രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യ മൊബൈൽ ഫോൺ‌ ഉപയോ​ഗിക്കുന്നത് കാണുകയായിരുന്നു. ഭർത്താവ് കാണാതെ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഈ ഫോണെന്നാണ് ആരോപണം. രഹസ്യമായി ഫോൺ ഉ​പയോ​ഗിച്ചതിനെച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മടക്കാവുന്ന കട്ടിലിനൊപ്പം മൃതദേഹം ആറ് അടി താഴ്ചയിൽ കുഴിയെടുത്ത് മൂടുകയായിരുന്നു. താനറിയാതെ ഭാര്യ വീടുവിട്ട് ഇറങ്ങിപ്പോയെന്നായിരുന്നു കുടുംബാം​ഗങ്ങളോട് ഇയാൾ പറ‍ഞ്ഞത്. ഖുഷ്ബുവിനായി കുടുംബം ​ദിവസങ്ങളോളം തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ, യുവതിയുടെ പിതാവ് പൊലീസ് പരാതി നൽകി. അർജുൻ മകളെ കൊലപ്പെടുത്തിയിരിക്കാമെന്ന സംശയം ഇദ്ദേഹത്തിനുണ്ടായിരുന്നു. പരാതിക്ക് പിന്നാലെ, പൊലീസ് വീട്ടിലെത്തുകയും അർജുനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പൊലീസിനെയും ഇയാൾ തെറ്റിദ്ധരിപ്പിച്ചു. ഭാര്യ ആത്മഹത്യ ചെയ്തതായും മൃതദേഹം താൻ നദിയിൽ എറിഞ്ഞെന്നുമായിരുന്നു ഇയാളുടെ വാദം. തുടർന്ന് പൊലീസ് ഇയാളെയും കൊണ്ട് നദിയിലും കരയിലും തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. രണ്ട് മണിക്കൂറുകൾക്ക് ശേഷം പൊലീസ് വീണ്ടും ഇയാളെ ചോദ്യം ചെയ്തു. ഇതോടെയാണ് താൻ നടത്തിയ ക്രൂര കൊലപാതകവിവരം അർജുൻ വെളിപ്പെടുത്തിയത്. ഇതനുസരിച്ച് മൃതദേഹം കുഴിയിൽ‍നിന്ന് കണ്ടെടുക്കുകയും ചെയ്തു. അവിഹിത ബന്ധം സംശയിച്ചാണ് അർജുൻ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഖുഷ്ബുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Exit mobile version