Site icon Newskerala

ആദിവാസി വിഭാ​ഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണ്, എൻഡിഎയിൽ കടുത്ത അവ​ഗണന നേരിട്ടിരുന്നു’; സി കെ ജാനു

യുഡിഎഫിന്റെ ഭാ​ഗമാകുന്നതിൽ പാർട്ടി പ്രവർത്തകർ വലിയ സന്തോഷത്തിലാണെന്ന് സി കെ ജാനു.ആദിവാസി വിഭാ​ഗത്തിന് എന്തെങ്കിലും നല്ലത് ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫാണെന്ന് പറഞ്ഞ സി കെ ജാനു എൻഡിഎയിൽ കടുത്ത അവ​ഗണന നേരിട്ടിരുന്നുവെന്നും. സീറ്റ് ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും സികെ ജാനു കൂട്ടിച്ചേര്‍ത്തു.
‘ഒരു നല്ല ജനാധിപത്യ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. പരമാവധി ഒരുമിച്ച് കാര്യങ്ങള്‍ ചെയ്യാനുള്ള ഒരു സംഭവത്തിലേക്ക് വരിക എന്ന് പറയുമ്പോള്‍ അത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. അങ്ങനെ തന്നെയാണ് കാണുന്നത്. ആദിവാസികള്‍ക്ക് അനുകൂലമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് യുഡിഎഫ് തന്നെയാണ് ചെയ്തിട്ടുള്ളത്. എല്ലാക്കാലത്തും. ആ കാലഘട്ടത്തിൽ വെടിവെപ്പ് നടന്നിട്ടുണ്ട്, ഇല്ലെന്ന് ഞാൻ പറയുന്നില്ല. അതൊരു യാഥാര്‍ത്ഥ്യമാണ്. എന്നാൽ അതിന് ശേഷം ഈ ആളുകളെ പരിഗണിച്ച് അവര്‍ക്ക് വേണ്ട ഇടപെടൽ നടത്തിയതും ഈ ഗവണ്‍മെന്‍റ് തന്നെയാണ്.’- സികെ ജാനു പറഞ്ഞു
പിവി അൻവറും സികെ ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അം​ഗങ്ങളാക്കാൻ ധാരണ
പി വി അൻവറും സി കെ ജാനുവും യുഡിഎഫിൽ. അസോസിയേറ്റ് അം​ഗങ്ങളാക്കാൻ യുഡിഎഫ് യോഗത്തിൽ ധാരണയായി. ഇരുവർക്കും പുറമെ വിഷ്ണുപുരം ചന്ദ്രശേഖരനെയും മെമ്പറായി പരിഗണിക്കും. അതേസമയം ഇക്കാര്യത്തിൽ കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം.
തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിമായി സഹകരിച്ചവരെയാണ് അസോസിയേറ്റ് അം​ഗങ്ങളാക്കാൻ തീരുമാനമായത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്ന ഉദ്ദേശത്തിൽ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പിൽ പൂർണമായും സഹകരിക്കുന്ന നിലപാടായിരുന്നു പി വി അൻവറിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് മുന്നണി ശക്തമാക്കുന്നതിനായുള്ള നിർണായക തീരുമാനം.
ജോസ് കെ മാണി വിഭാഗത്തെ കൂടി അസോസിയേറ്റ് മെമ്പർഷിപ്പിലേക്കോ മുന്നണിയിലേക്കോ പരിഗണിക്കാമെന്നുള്ള കാര്യം ചർച്ചചെയ്‌തെങ്കിലും പി ജെ ജോസഫ് അടക്കമുള്ളവർ ആ അജണ്ടയെ തന്നെ എതിർത്തുകൊണ്ട് രംഗത്തെത്തുകയായിരുന്നു. അതേസമയം വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.

Exit mobile version