Site icon Newskerala

എന്‍റെ സ്ഥാനാര്‍ഥികളെ വെട്ടിയാൽ നിങ്ങൾക്കുള്ള ഫണ്ടും ഞാൻ വെട്ടും’; വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി അജിത് പവാര്‍

മുംബൈ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. വെള്ളിയാഴ്ച ബാരാമതി തഹ്‌സിലിലെ മലേഗാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.മഹാരാഷ്ട്ര സര്‍ക്കാരിൽ ധനകാര്യ വകുപ്പിന്‍റെ കൂടി ചുമതലയുള്ള എൻസിപി മേധാവി പാര്‍ട്ടി 18 സ്ഥാനാര്‍ഥികളെ തദ്ദേശ തെരഞ്ഞെടുപ്പിൽ നിര്‍ത്തിയിട്ടുണ്ടെന്ന് പറഞ്ഞു. “കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും ഇവയിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാമെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഈ പദ്ധതികൾ ശരിയായി നടപ്പിലാക്കുകയും ചെയ്താൽ, നമുക്ക് മാലേഗാവിന്‍റെ വികസനം ഉറപ്പാക്കാൻ കഴിയും” പവാർ കൂട്ടിച്ചേര്‍ത്തു.”നിങ്ങൾ 18 എൻ‌സി‌പി സ്ഥാനാർഥികളെയും തെരഞ്ഞെടുത്താൽ ഫണ്ടിന് ഒരു കുറവും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പാക്കും. നിങ്ങൾ എല്ലാവരെയും തെരഞ്ഞെടുത്താൽ, വാഗ്ദാനം ചെയ്തതെല്ലാം ഞാൻ നിറവേറ്റും. എന്നാൽ നിങ്ങൾ എന്‍റെ സ്ഥാനാർഥികളെ വെട്ടിക്കളഞ്ഞാൽ ഞാനും നിങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കളയും. നിങ്ങൾക്ക് വോട്ടുചെയ്യാനുള്ള അധികാരമുണ്ട്, ഫണ്ട് അനുവദിക്കാനുള്ള അധികാരം എനിക്കുണ്ട്. ഇപ്പോൾ നിങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കൂ,” അദ്ദേഹം പറഞ്ഞു.അജിത് പവാറിന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് ഇതിൽ നടപടിയെടുക്കുന്നില്ലെന്നും ചോദിച്ചു. “സാധാരണക്കാർ നൽകുന്ന നികുതിയിൽ നിന്നാണ് ഫണ്ട് നൽകുന്നത്, അജിത് പവാറിന്റെ വീട്ടിൽ നിന്നല്ല. പവാറിനെപ്പോലുള്ള ഒരു നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെങ്കിൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്താണ് ചെയ്യുന്നത്?” ശിവസേന യുബിടി നേതാവ് അംബാദാസ് ദാൻവെയുടെ വാക്കുകളെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഡിസംബര്‍ 2നാണ് നഗര്‍ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version