National

ചരിത്രമെഴുതി ഇന്ത്യ; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി കരുത്ത്

ദില്ലി: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം. 1,500 കിലോമീറ്ററിലേറെ ദൂരം കുതിച്ച് എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള കരുത്ത് ഈ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിനുണ്ട്. ഇന്ത്യന്‍ സൈന്യത്തിനായി ഡിആര്‍ഡിഒയുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും തദ്ദേശീയമായാണ് ഈ മിസൈല്‍ വികസിപ്പിച്ചത്. ഇതോടെ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകളുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഇടംപിടിച്ചു.   ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയം. മറ്റ് ഡിആര്‍ഡിഒ ലബോററ്ററികളുടെയും വ്യവസായ പങ്കാളികളുടെയും സഹകരണത്തോടെ ഹൈദരാബാദിലെ ഡോ. എപിജെ അബ്‌ദുള്‍ കലാം മിസൈല്‍ കോപ്ലംക്‌സിലാണ് ഇത് നിര്‍മിച്ചത്. മുതിര്‍ന്ന ഡിആര്‍ഡിഒ ശാസ്ത്രജ്ഞരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലിന്‍റെ ആദ്യ പരീക്ഷണം ഇന്ത്യ നടത്തിയത്.  India has achieved a major milestone by successfully conducting flight trial of long range hypersonic missile from Dr APJ Abdul Kalam Island, off-the-coast of Odisha. This is a historic moment and this significant achievement has put our country in the group of select nations… pic.twitter.com/jZzdTwIF6w — Rajnath Singh (@rajnathsingh) November 17, 2024 ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതിലൂടെ ഇന്ത്യ സുപ്രധാന നാഴികക്കല്ല് കൈവരിച്ചതായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. ഇതൊരു ചരിത്ര നിമിഷമാണ്. ഇത്രയും സങ്കീര്‍ണവും അത്യാധുനികവുമായ മിലിട്ടറി സാങ്കേതികവിദ്യ കൈവരിച്ച ചുരുക്കം രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചതായും അദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിനായി പ്രയത്നിച്ച ഡിആര്‍ഡിഒയെയും വിവിധ സേനാവിഭാഗങ്ങളെയും രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.  സൈനികരംഗത്ത് ഇന്ത്യ വലിയ മുന്നേറ്റമാണ് ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണ വിജയത്തിലൂടെ കൈവരിച്ചിരിക്കുന്നത്. ശബ്‌ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ക്കാകും. മണിക്കൂറില്‍ 6,125 കിലോമീറ്റര്‍ മുതല്‍ 24,140 കിലോമീറ്റര്‍ വരെ ഈ മിസൈലുകള്‍ക്ക് വേഗം കൈവരിക്കാമെന്നതിനാല്‍ എതിരാളികള്‍ക്ക് തിരിച്ചറിയാനും തടയാനും പ്രയാസമാകും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button