Site icon Newskerala

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കുമുള്ള സാധ്യതയും പ്രവചിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കന്യാകുമാരി കടലിന് സമീപത്തായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമർദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് കൂടുതൽ ശക്തിപ്രാപിച്ച് തീവ്രന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. മലേഷ്യക്കും മലാക്ക കടലിടുക്കിനും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം തീവ്രന്യുനമർദമായി ശക്തി പ്രാപിച്ചു. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് കൂടുതൽ ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇന്ന് മാലിദ്വീപ് പ്രദേശം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, തമിഴ്നാട് തീരം, ശ്രീലങ്കൻ തീരം, ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Exit mobile version