ചരിത്രം കുറിച്ച് ഐഎസ്ആർഒ: ജിസാറ്റ് 20; വിക്ഷേപണം വിജയം
ന്യൂഡൽഹി : ഐഎസ്ആർഒയുടെ
അത്യാധനിക വാർത്താ വിനിമയ ഉപ
ഗ്രഹമായ ജിസാറ്റ് 20 വിജയകരമായി
വിക്ഷേപിച്ചു. ഇലോൺ മസ്‌കിൻ്റെ
ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ
കമ്പനിയായ സ്പേസ് എക്‌സിന്റെ
ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ്
ജിസാറ്റ് 20 വിക്ഷേപിച്ചത്. ഫ്ലോറിഡയിലെ
കേപ് കനാവറലിലുള്ള സ്പേസ് കോംപ്ലക്സ്
40 ൽ ചൊവ്വാഴ്ച പുലർച്ചെ 12.01
ഓടെയായിരുന്നു വിക്ഷേപണം. 34
മിനിറ്റുകൾ നീണ്ട യാത്രയ്ക്ക് ശേഷംഉപഗ്രഹം വേർപെട്ട് ഭ്രമണപഥത്തിൽ
എത്തിച്ചേർന്നു.
ഐഎസ്ആർഒ നിർമിച്ച ഉപഗ്രഹത്തിന്റെ ഭാരം 4,700 കിലോഗ്രാമാണ്. ഐഎസ്ആർഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എൽവിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാൾ കൂടുതലാണ് ഈ ഭാരം. അതിനാലാണ് വിക്ഷേപണത്തിന് സ്പേസ് എക്സിൻ്റെ സഹായം തേടിയത്. ടെലികോം ഉപഭോക്താക്കൾക്ക് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ ജിസാറ്റ്-20 സഹായിക്കും. ഉൾനാടുകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും അതിവേഗ ഇന്റർനെറ്റ് എത്തിക്കുന്നതിന് ജിസാറ്റ്-20 ഉപഗ്രഹം സഹായിക്കും.
ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. വിമാനങ്ങൾക്കുള്ളിൽ ഇന്റർനെറ്റ് സേവനം ഒരുക്കുന്നതിനും ഇത് സഹായിക്കും. ഇതാദ്യമായാണ് ഐഎസ്ആർഒ അതിൻ്റെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ്(എൻഎസ്ഐഎൽ) വഴി സ്പേസ് എക്സ് റോക്കറ്റിൽ ഉപഗ്രഹം വിക്ഷേപിക്കുന്നത്.