Site icon Newskerala

അറ്റകുറ്റപ്പണിക്കിടെ ഉപേക്ഷിച്ച വസ്തുക്കൾ വിനയായി; ഞൊടിയിടയിൽ ഫ്‌ളാറ്റുകളെ വിഴുങ്ങി തീ; ഹോങ്കോങ് ദുരന്തത്തിൽ മരണം 55 ആയി; മൂന്ന് പേർ അറസ്റ്റിൽ

ഹോങ്കോങ്: ഹോങ്കോങ്ങിലെ തായ്പോയെ ശ്വാസംമുട്ടിച്ചും പൊള്ളിച്ചും ഫ്ലാറ്റുകളിലെ തീപിടിത്തം. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. 279ലേറെ പേരെ കാണാനില്ല. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അ​ധികൃതർ പറയുന്നു. എട്ട് കെട്ടിടങ്ങളുള്ള വാങ് ഫുക് കോര്‍ട്ട് ഹൗസിങ് കോംപ്ലക്സിലെ 32 നില കെട്ടിടത്തിലാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് മറ്റ് ബ്ലോക്കുകളിലേക്ക് പടരുകയായിരുന്നു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 6.20 ഓടെ ഉണ്ടായ തീപിടിത്തം 24 മണിക്കൂർ പിന്നിട്ടിട്ടും പൂർണമായും നിയന്ത്രണവിധേയമാക്കാനായിട്ടില്ല. ഇപ്പോഴും പല അപ്പാർട്ട്മെന്റുകളിലും തീ കത്തുന്നുണ്ടെന്ന് വ്യാഴാഴ്ച പുലർച്ചെ സംഭവസ്ഥലത്ത് എത്തിയ എഎഫ്‌പി മാധ്യമപ്രവർത്തകർ പറഞ്ഞു.തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. തീപിടിക്കുന്ന ചില വസ്തുക്കൾ അറ്റകുറ്റപ്പണിക്കിടെ ഇവർ ഉപേക്ഷിച്ചുപോവുകയും ഇത് തീ നിയന്ത്രണാതീതമായി വേഗത്തിൽ പടരാൻ കാരണമായെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. കെട്ടിടത്തിന്റെ, മുള കൊണ്ടുള്ള മേല്‍ത്തട്ടിലാണ് ആദ്യം തീപിടിച്ചത്. തീപിടിത്തെ തുടർന്ന് ന​ഗരമാകെ പുകയിൽ മുങ്ങിയിരിക്കുകയാണ്.തീപിടിത്തത്തിൽ പരിക്കേറ്റ 56 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നും ഇവരിൽ‌ 16 പേർ അതീവ ​ഗുരുതരാവസ്ഥയിലും 24 പേർ ​ഗുരുതരാവസ്ഥയിലാണെന്നും സർക്കാർ വക്താവ് അറിയിച്ചു. അതേസമയം, കാണാതായാവരിൽ ചിലരുമായി പിന്നീട് ബന്ധം സ്ഥാപിച്ചതായി അഗ്നിശമന സേനാംഗങ്ങൾ പറഞ്ഞു.900ലധികം ആളുകൾ താത്കാലിക ഷെൽട്ടറുകളിൽ അഭയം തേടിയിട്ടുണ്ട്. എട്ട് കെട്ടിടങ്ങളിലായി ആകെ 2,000 അപ്പാർട്ടുമെന്റുകളുള്ള ഹൗസിങ് എസ്റ്റേറ്റിൽ ഏകദേശം 4800 പേർ താമസിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ളതും ഉയരം കൂടിയതുമായ റെസിഡൻഷ്യൽ ബ്ലോക്കുകളിൽ ചിലത് നഗരത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Exit mobile version