Site icon Newskerala

ആ നോട്ടത്തിലുണ്ട് എല്ലാം; ജീത്തു ജോസഫ് ചിത്രം വലതുവശത്തെ കള്ളന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

മിറാഷിന് ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന എറ്റവും പുതിയ സിനിമയാണ് വലതുവശത്തെ കള്ളന്‍. ചിത്രത്തില്‍ ബിജു മേനോനും ജോജു ജോര്‍ജുമാണ് പ്രധാനവേഷത്തിലെത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ജോജു ജോര്‍ജിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ജോജുവിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് ജീത്തുവും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘ആ നോട്ടത്തിലുണ്ട് എല്ലാം’ എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പോസ്റ്ററില്‍ കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജുവിനെ കാണാം.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് എന്നിവയുടെ ബാനറുകളില്‍ ഷാജി നടേശനാണ് സിനിമ നിര്‍മിക്കുന്നത്. ഡിനു തോമസ് ഈലനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒരു കുറ്റാന്വേഷണ ചിത്രമായാണ് സിനിമ ഒരുങ്ങുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.
സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ബിജു മേനോന്റെ ടൈറ്റില്‍ പോസ്റ്ററും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം’ എന്ന ടാഗ് ലൈനോടെയാണ് ‘വലതുവശത്തെ കള്ളന്‍’ ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

Exit mobile version