Site icon Newskerala

പഴയ സിനിമകള്‍ കാണാന്‍ ചമ്മലാണ്; ആ സിനിമ കാണുമ്പോള്‍ എന്താണ് ഞാനീ ചെയ്തതെന്ന് തോന്നും: രാജശ്രീ നായര്‍

പഴയ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ ഭയങ്കര ചമ്മല്‍ തോന്നുമെന്ന് നടി രാജിശ്രീ നായര്‍. തന്റെ സിനിമകളെ താന്‍ വിമര്‍ശിക്കാറുണ്ടെന്നും നടി പറഞ്ഞു. ഒരോ സിനിമകളും കാണുമ്പോള്‍ എന്താണ് താന്‍ ചെയ്ത് വെച്ചിരിക്കുന്നത് തോന്നുമെന്നും അതുകൊണ്ട് ചില സമയത്ത് സിനിമകള്‍ താന്‍ റീവാച്ച് ചെയ്യാറില്ലെന്നും രാജശ്രീ പറഞ്ഞു. സൈ സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു നടി.
‘മേഘസന്ദേശം കാണുമ്പോള്‍ അയ്യോ ഞാന്‍ എന്താണ് ഇങ്ങനെ ചെയ്തത് എന്ന് വിചാരിക്കും. കാരണം ആ സമയത്ത് ഞാന്‍ വളരെ ചെറുപ്പമാണ്. ഒന്നും അറിയാത്ത പ്രായമാണ്. സിനിമയെ പറ്റിയുള്ള ട്രോളുകളും മീമുകളും ഞാന്‍ കാണാറുണ്ട്, ആസ്വദിക്കാറുമുണ്ട്. ശബ്ദമൊക്കെ മാറ്റികൊണ്ടുള്ള ക്ലിപ് കാണുമ്പോള്‍ എനിക്ക് തന്നെ ചിരിവരും.
കോമഡി വളരെ ആസ്വദിക്കുന്നയാളാണ് ഞാന്‍. എന്റെ റീലുകള്‍ അധികവും ഹ്യൂമറുകള്‍ തന്നെയാണ്. മേഘസന്ദേശത്തിന്റെ ട്രോളൊക്കെ കണ്ട് ഞാന്‍ ചിരിക്കാറുണ്ട്. ചില സമയങ്ങളില്‍ ഞാന്‍ തിരിച്ച് കമന്റ് ചെയ്യാറുമുണ്ട്. നല്ലതാണെങ്കിലും മോശമാണെങ്കിലും ഞാന്‍ അത് സ്വീരിക്കും,’ രാജശ്രീ പറയുന്നു.
മേഘസന്ദേശം ചെയ്യുമ്പോള്‍ നിങ്ങള്‍ വളരെ റൊമാന്റിക്കായ ഒരു യക്ഷിയാണെന്നാണ് രാജസേനന്‍ തന്നോട് പറഞ്ഞതെന്നും താന്‍ മറിച്ച് ചോദ്യങ്ങളൊന്നും ചോദിച്ചിരുന്നില്ലെന്നും രാജശ്രീ പറഞ്ഞു. ഇപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയിരുന്നതെങ്കില്‍ തീര്‍ച്ചയായും സംവിധായകന്റെ അടുത്ത് ഒരുപാട് കാര്യങ്ങള്‍ ചോദിക്കുമെന്നും ഈ സിനിമയില്‍ അവര്‍ എന്ത് പറഞ്ഞ് തന്നോ അതാണ് താന്‍ ചെയ്തതെന്നും നടി കൂട്ടിച്ചേര്‍ത്തു.

രാജസേനന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മേഘ സന്ദേശം. സുരേഷ് പൊതുവാളും എം. സിന്ധുരാജും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് സജിയാണ്. സിനിമയില്‍ സുരേഷ് ഗോപി, രാജശ്രീ നായര്‍, സംയുക്ത വര്‍മ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തില്‍ റോസി എന്ന യക്ഷി വേഷത്തിലാണ് രാജശ്രീ എത്തിയത്.
അതേസമയം രാജശ്രീയുടേതായി വരാനിരിക്കുന്ന സിനിമയാണ് വിലായത്ത് ബുദ്ധ. പൃഥ്വിരാജ് നായക വേഷത്തില്‍ എത്തുന്ന ചിത്രം നാളെ (നവംബര്‍21)ന് തിയേറ്ററുകൡലെത്തും.

Exit mobile version