Site icon Newskerala

ആർ.എസ്.എസ് പരിപാടിയിൽ പ​ങ്കെടുക്കില്ല, ചർച്ചകൾ വേദനാജനകം,’ ഏതുചടങ്ങിലും അംബേദ്കറൈറ്റ് ചിന്തയേ തനിക്ക് പറയാനുണ്ടാവൂ എന്നും കമൽതായ് ഗവായ്

ന്യൂഡൽഹി: ആർ.എസ്.എസിന്റെ നേതൃത്വത്തിൽ അമരാവതിയിൽ ഒക്ടോബർ അഞ്ചിന് നടക്കുന്ന വിജയദശമി ​ആഘോഷത്തിൽ പ​ങ്കെടുക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ അമ്മയും രാഷ്ട്രീയ പ്രവർത്തകയുമായ കമൽതായ് ഗവായി. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും മൂലമാണ് പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും കമൽതായ് പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം തന്റേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ട കത്ത് കുടുംബത്തിന്റെ ഏതെങ്കിലും അഭ്യുദയകാംക്ഷികൾ എഴുതിയതാവാമെന്നും കമൽതായ് പറഞ്ഞു. തികഞ്ഞ അംബേദ്കറിസ്റ്റായതുകൊണ്ട് തന്നെ ആർ.എസ്.എസ് പരിപാടിയിൽ പ​ങ്കെടുക്കില്ലെന്നായിരുന്നു കത്തി​ലെ ഉള്ളടക്കം. കമൽതായ് പരിപാടിയിൽ പ​ങ്കെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ സഹോദരനും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (ആർ‌.പി‌.ഐ) നേതാവുമായ ഡോ. രാജേന്ദ്ര ഗവായ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ, സമൂഹമാധ്യമങ്ങളിലടക്കം വാർത്ത സജീവ ചർച്ചയാവുന്നതിനിടെയാണ് കമൽതായ് വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയത്. നേരത്തെ, തന്റേതെന്ന പേരിൽ കത്ത് പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ തനിക്കും ഭർത്താവും അംബേദ്കറൈറ്റ് പ്രസ്ഥാനത്തിലെ മുതിർന്ന നേതാവുമായ പരേതനായ ദാദാസാഹെബ് ഗവായിക്കും നേരെയുണ്ടായ വിമർശനങ്ങളിൽ കമൽതായി ആശങ്ക പ്രകടിപ്പിച്ചു. ‘ദാദാസാഹിബിന്റെ ജീവിതം മുഴുവൻ അംബേദ്കറൈറ്റ് ചിന്തകൾക്കായി സമർപ്പിച്ചിരുന്നു. അദ്ദേഹം പലപ്പോഴും സംഘത്തിന്റേതടക്കം എതിർവേദികളിൽ എത്തിയത് ഹിന്ദുത്വത്തെ പിന്തുണക്കാനായിരുന്നില്ല, മറിച്ച് സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, നീതി, ശാസ്ത്രീയ വീക്ഷണം എന്നിവയുടെ തത്വങ്ങൾ അവതരിപ്പിക്കാനാണ്. വിയോജിപ്പുള്ളവർ പോലും അംബേദ്കറൈറ്റ് ആശയങ്ങൾ കേൾക്കണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു,’- കമൽതായ് പറഞ്ഞു. അത്തരമൊരു പരിപാടിയിൽ പങ്കെടുക്കുകയാണെങ്കിൽ, താൻ അംബേദ്കറൈറ്റ് ചിന്ത മാത്രമേ അവതരിപ്പിക്കൂ എന്നും കമൽതായ് വ്യക്തമാക്കി. ‘നമ്മൾ എവിടെ പോയാലും, നമ്മുടെ മൂല്യങ്ങൾ നമ്മുടെ അവസാന ശ്വാസം വരെ അംബേദ്കറൈറ്റ് പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെടുന്നു,’- അവർ പറഞ്ഞു. തന്നെയും ദാദാസാഹിബ് ഗവായിയെയും ലക്ഷ്യം വെച്ചുള്ള അടിസ്ഥാന രഹിതമായ വിമർശനങ്ങളിൽ അതിയായ ദുഖമുണ്ടെന്നും കമൽതായ് പറഞ്ഞു. അംബേദ്കറൈറ്റ് പ്രസ്ഥാനത്തോടും വിപാസനയോടും തനിക്ക് ആജീവനാന്ത പ്രതിബദ്ധതയാണുള്ളത്. തനിക്ക് 84 വയസ്സ് തികയുന്നു, ആരോഗ്യപ്രശ്നങ്ങളുമുണ്ട്, ഇതുകൊണ്ടുതന്നെ ഒക്ടോബർ അഞ്ചിലെ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നും അവർ വ്യക്തമാക്കി. ‘ഒരു കാര്യത്തിന്റെ പേരിൽ എന്റെ ജീവിതത്തെയും പ്രവർത്തനങ്ങ​ളെയും കളങ്കപ്പെടുത്താനുള്ള ഈ ശ്രമം വേദനാജനകമാണ്. എന്റെ ആരോഗ്യം കൂടുതലായി എഴുതാൻ അനുവദിക്കുന്നില്ല. വിശ്രമിക്കാനുള്ള സമയമാണിത്,’ പ്രസ്താവന അവസാനിപ്പിച്ച് കമൽതായ് കുറിച്ചു.

Exit mobile version