Site icon Newskerala

കരൂർ ദുരന്തം; വിജയ്ക്ക് പിന്നാലെ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം അനുവദിച്ചു

ടിവികെ അധ്യക്ഷൻ വിജയ്ക്ക് പിന്നാലെ കരുർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. നേരത്തെ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകുമെന്ന് നടൻ വിജയ് അറിയിച്ചു. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും നൽകുമെന്നും വിജയ് അറിയിച്ചു. എക്സിൽ പങ്കുവെച്ച പോസ്റ്റിൽ ഹൃദയം തകരുന്ന വേദനയോടെയാണ് അനുശോചന സന്ദേശം എഴുതുന്നതെന്ന് വിജയ് കുറിച്ചു.
അതേസമയം, ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും.

Exit mobile version