Site icon Newskerala

കേരളം അതിദാരിദ്ര്യ മുക്തം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
കേരളം ഒരു പുതുയുഗ പിറവിയിലാണ്. സജീവ ജനപങ്കാളിത്തത്തോടെയാണ് പ്രക്രിയ നടന്നത്. എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു.

പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഓരോ കുടുംബത്തിനുമായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025-26ല്‍ 60 കോടി രൂപ പ്രത്യേകം അനുവദിച്ചു. ഗ്രാമങ്ങളില്‍ 90.7 ശതമാനം, നഗരങ്ങളില്‍ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെനിന്നാണ് കേരളം അതിദാരിദ്ര്യത്തെ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്ത ആദ്യ സംസ്ഥാനമായി തലയുയര്‍ത്തി നില്‍ക്കുന്നത്.

ഈ ആളുകള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും എത്തിച്ചുനല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നുനേരം ഭക്ഷണത്തിന് കഴിയാത്തവര്‍ക്ക് അതുറപ്പാക്കി. 4,677 കുടുംബങ്ങള്‍ക്ക് വീട് ആവശ്യമായി വന്നു. ലൈഫ് മിഷന്‍ മുഖേന വീട് നിര്‍മാണം പൂര്‍ത്തിയാക്കി. 2,711 കുടുംബങ്ങള്‍ക്ക് ആദ്യം ഭൂമി നല്‍കി. ഭവന നിര്‍മാണത്തിനു നടപടികള്‍ സ്വീകരിച്ചുവെന്നും സഭയില്‍ മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ കേരളം അതിദാരിദ്യമുക്തമായെന്ന മുഖ്യമന്ത്രിയുടെപ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു. സഭയോട് സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു വി.ഡി. സതീശന്‍ പറഞ്ഞത്.

അതിദാരിദ്ര കേരളമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. സഭ ചേര്‍ന്നത് ചട്ടം ലംഘിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. സഭ ബഹിഷ്‌കരിച്ച പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.

Exit mobile version