Site icon Newskerala

കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’; ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം നികത്തുക ലക്ഷ്യം

ബസുകൾ കാലിയായി ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ സംസ്ഥാനാന്തര റൂട്ടുകളിൽ സ്വകാര്യ ബസുകളെപ്പോലെ ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ സംവിധാനം ആരംഭിക്കാൻ കെഎസ്ആർടിസിയും. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള പ്രീമിയം എസി ബസുകളിലാണ് ആദ്യഘട്ടത്തിൽ ഇതുണ്ടാകുക.
കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഡൈനാമിക് പ്രൈസിങിന് അനുമതി നൽകിയിരുന്നു. എന്ന് നിലവിൽ വരുമെന്ന പ്രഖ്യാപനം പിന്നീടുണ്ടാകും. പ്രവൃത്തി ദിവസങ്ങളിൽ ബസുകൾ ഒരുഭാഗത്തേക്ക് ആളില്ലാതെ ഓടുന്നതിന്റെ നഷ്ടം കുറയ്ക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇടദിവസങ്ങളിൽ കെഎസ്ആർടിസിയുടെ എസി ബസുകളെ അപേക്ഷിച്ച് സ്വകാര്യ ബസുകളിൽ ടിക്കറ്റ് നിരക്ക് കുറവാണ്. ‌യാത്രാ ആപ്പുകൾ വഴി ബുക്ക് ചെയ്യുന്നവർ കുറഞ്ഞ നിരക്കുള്ളവ തിരഞ്ഞെടുക്കുന്നതാണ് പതിവ്.
നിലവിൽ കേരള, കർണാടക ആർടിസി ബസുകളിൽ വാരാന്ത്യങ്ങളിലും ഉത്സവ സീസണുകളിലും ഫ്ലെക്സി നിരക്കാണ് ഈടാക്കുന്നത്. എസി, നോൺ എസി ബസുകളിൽ ഒരു മാസം മുൻപും 24 മണിക്കൂർ മുൻപും ടിക്കറ്റെടുത്താൽ 20–30% അധിക നിരക്ക് നൽകണം. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വെള്ളിയാഴ്ചകളിലും തിരിച്ച് ഞായറാഴ്ചകളിലുമാണ് കൂടുതൽ തിരക്ക്. പലപ്പോഴും തിങ്കളാഴ്ചകളിൽ ബെംഗളൂരുവിൽ നിന്നു മടങ്ങുന്ന സ്പെഷൽ സർവീസുകളിൽ പത്തിൽ താഴെ യാത്രക്കാർ മാത്രമാണ് ഉണ്ടാകാറുള്ളത്. ഇന്ധനച്ചെലവ് പോലും ലഭിക്കാത്തത് ആർടിസികൾക്ക് കനത്ത നഷ്ടമുണ്ടാക്കുന്നുണ്ട്.

Exit mobile version