Site icon Newskerala

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കടന്നു പിടിച്ചു; കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവ്

തിരുവനന്തപുരം: വിദ്യാർഥിനിയോട് ബസിൽവെച്ച് മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. വെമ്പായം വേറ്റിനാട് രാജ് ഭവൻ വീട്ടിൽ സത്യരാജി(53)നെയാണ് തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി. ഷിബു ശിക്ഷിച്ചത്. 2023 ആഗസ്റ്റ് നാലിനാണ് കേസിനാസ്പദമായ സംഭവം. നെടുമങ്ങാട് ഡിപ്പോയിൽനിന്നുള്ള കെ.എസ്.ആർ.ടി.സി ബസിൽ സ്കൂളിലേക്ക് പോകാൻ കയറിയ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടക്ടർ സത്യരാജ് കടന്നു പിടിക്കുകയായിരുന്നു. അബദ്ധത്തിൽ സംഭവിച്ചതാകാമെന്ന് കരുതി മാറിനിന്നപ്പോൾ വീണ്ടും ആവർത്തിച്ചു. തുടർന്ന് വിദ്യാർഥിനി സ്കൂൾ അധികൃതരോട് പരാതിപ്പെടുകയും ആര്യനാട് പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന എൽ. ഷീന അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 13 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ സമർപ്പിക്കുകയും ചെയ്തു. പെൺകുട്ടികളെ ബസിനുള്ളിൽ സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കണ്ടക്ടർ തന്നെ അപമര്യാദയായി പെരുമാറിയത് അതീവ ഗുരുതരമെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷകയായ വി.സി. ബിന്ദു എന്നിവർ ഹാജരായി.

Exit mobile version