Site icon Newskerala

കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ട ലതീഷ് ബി. ചന്ദ്രനെ സി.പി.എം പാർട്ടിയിൽ തിരിച്ചെടുത്തു

മുഹമ്മ: കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണർകാട്ടെ സ്മാരകം തകർത്ത കേസിൽ പ്രതിയാക്കപ്പെട്ട ലതീഷ് ബി. ചന്ദ്രനെ സി.പി.എം തിരിച്ചെടുത്തു. മുഹമ്മ എസ്.എൻ.വി ബ്രാഞ്ച് അംഗമായാണ് ലതീഷിനെ പാർട്ടിയിൽ തിരിച്ചെടുത്തത്. ജില്ലയിലെ പാർട്ടി ഉന്നത നേതാക്കൾ ഇടപെട്ടാണ് തിരിച്ചെടുത്തതെന്നാണ് സൂചന. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ പേഴ്സനൽ സ്റ്റാഫ് അംഗവും കേരള സർവകലാശാല യൂനിയൻ മുൻ ജനറല്‍ സെക്രട്ടറിയുമായിരുന്നു ലതീഷ്. 2013 ഒക്ടോബർ 31നാണ് കഞ്ഞിക്കുഴി കണ്ണർകാട് കൃഷ്ണപിള്ള സ്മാരകം തകർക്കപ്പെട്ടത്. കേസിൽ ലതീഷ് അടക്കം അഞ്ച് സി.പി.എം പ്രവർത്തകരായിരുന്നു പ്രതികൾ. പാർട്ടിയിലെ വിഭാഗീയതയാണ് സ്മാരകം തകർക്കപ്പെട്ടതിന് പിന്നിലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. കേസിൽ തെളിവുകളും ദൃക്സാക്ഷികളും ഇല്ലാത്തതിനാൽ 2020 ജൂലൈയിൽ എല്ലാവരെയും കോടതി വെറുതെവിട്ടു. പിന്നീട് കേസിൽ പ്രതിയാക്കപ്പെട്ടവരിൽ ഒരാളായ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. സാബുവിനെ പാർട്ടിയിൽ തിരിച്ചെടുത്തു. എന്നാൽ, ലതീഷിനോട് പാർട്ടി മുഖംതിരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ലതീഷ് മുഹമ്മ പഞ്ചായത്ത് 12ാം വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു. സി.പി.എമ്മിലെ പ്രമുഖനെയാണ് പരാജയപ്പെടുത്തിയത്. പഞ്ചായത്ത് അംഗത്തിന്‍റെ അലവൻസും പേഴ്സനൽ സ്റ്റാഫ് അംഗത്തിന് ലഭിക്കുന്ന പെൻഷൻ തുകയും ചേർത്ത് ലതീഷ് മുഹമ്മയിൽ നിർധനർക്കായി വി.എസിന്റെ ഓർമക്ക്​ ജനകീയ ലാബ് തുടങ്ങിയിരുന്നു.

Exit mobile version