ബംഗളൂരു: വോട്ടർ പട്ടികയിൽ വൻ തോതിൽ വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായി ആരോപിച്ച് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. ബംഗളൂരു നല്ലൂർഹള്ളി സ്വദേശിയായ വൈ. വിനോദിനിയാണ് (39) പരാതി നൽകിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ പാർലമെന്ററി മണ്ഡലത്തിലെ മഹാദേവപുര വോട്ടർ പട്ടികയിൽ നിരവധി വ്യാജ വോട്ടർമാർ ചേർക്കപ്പെട്ടതായും സർക്കാർ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങൾ, മറ്റ് സ്വകാര്യ വ്യക്തികൾ എന്നിവരുടെ പങ്കാളിത്തമില്ലാതെ വലിയ തോതിലുള്ള കൃത്രിമം സാധ്യമാകുകയില്ല എന്നുമാണ് ആരോപണം. വോട്ടർ പട്ടികയിലെ കൃത്രിമത്വം ജനാധിപത്യ പ്രക്രിയകളെ ബാധിക്കുന്ന ഗുരുതര കുറ്റമാണ്. സമ്പൂർണവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും കേസിൽ ഉൾപ്പെട്ട എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. രാഹുൽ ഗാന്ധി ‘വോട്ട് ചോരി’ആരോപണം സംബന്ധിച്ചു നടത്തിയ ആദ്യ വാർത്തസമ്മേളനത്തിൽ വൻതോതിൽ ക്രമക്കേട് നടന്നതായി ചൂണ്ടിക്കാട്ടിയ മണ്ഡലമാണ് മഹേദേവപുര.


