ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ കൊള്ള. ഇൻകം ടാക്സ് ഉദ്യോഗസ്ഥരെന്ന് ചമഞ്ഞാണ് പണം കൊള്ളയടിച്ചത്. എംടിഎമ്മുകളിൽ നിറയ്‌ക്കാനായി കൊണ്ടുപോയ ഏഴ് കോടിയോളം രൂപയാണ് കൊള്ളസംഘം തട്ടിയെടുത്തത്. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മുകളിൽ നിറയ്‌ക്കാനാണ് പണം കൊണ്ടുപോയത്. ബെംഗളൂരുവിലെ ജയനഗറിലെ അശോക് പില്ലറിന് സമീപത്താണ് സംഭവം.ഇന്നോവ കാറിലെത്തിയ സംഘം ഇൻകംടാക്സ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട് പണം തട്ടിയെടുക്കുകയായിരുന്നു. രണ്ട് ജീവനക്കാരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ബലമായി കാറിൽ കയറ്റുകയും പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തതായാണ് വിവരം.പൊലീസ് എത്തി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.


